gnn24x7

അശോക് ലവാസ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ(എഡിബി) വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നു

0
260
gnn24x7

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ കാലാവധി കഴിയാന്‍ ഇനിയും രണ്ട് വര്‍ഷം കൂടി അവശേഷിക്കവേ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ(എഡിബി) വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നു. ഓഗസ്റ്റ് 31ന് നിലവിലെ വൈസ് പ്രസിഡന്റ് ദിവാകര്‍ ഗുപ്തയുടെ കാലാവധി കഴിയാനിരിക്കേയാണ് ലവാസയുടെ നിയമനം.

എഡിബിയിലെ പ്രൈവറ്റ് സെക്ടര്‍ ഓപ്പറേഷന്‍സ് ആന്‍ഡ് പബ്ലിക് പ്രൈവറ്റ് പാര്‍ട്നര്‍ഷിപ്പിന്റെ വൈസ്പ്രസിഡന്റായാണ് ലവാസയെ നിയമിച്ചിട്ടുള്ളത്.അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്ക് പരിഗണനയിലുള്ളയാളായ ലവാസ കാലാവധി കഴിയും മുമ്പേ പടിയിറങ്ങുന്നത് വ്യാപകമായ ചര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ട്. അതിശയിപ്പിക്കുന്ന സംഭവമാണെന്നാണ് തിരഞ്ഞെടുപ്പ്  കമ്മീഷനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.

2018 ജനുവരി 23നാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി അശോക് ലവാസ ചാര്‍ജ്ജെടുത്തത്. അതിനു മുമ്പ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ സെക്രട്ടറി പദവിയടക്കം നിരവധി പ്രധാന പദവികള്‍ വഹിച്ചിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മറ്റൊരു പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത്. 1973 ല്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നാഗേന്ദ്ര സിങ്ങ് ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ ജഡ്ജിയായി നിയമിതനായിരുന്നു.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ലവാസയെ 2018 ജനുവരിയില്‍ ആണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. സീനിയര്‍ മോസ്റ്റ് കമ്മീഷണറെ നിയമിക്കുന്ന പാരമ്പര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ സുനില്‍ അറോറ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായി നിയമിക്കപ്പെടുമായിരുന്നു അദ്ദേഹം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here