ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലുരുവിൽ അജ്ഞാത രോഗത്തിനെ തുടര്‍ന്ന് ഇരുന്നോറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളെ തുടർന്നാണ് പലരും ആശുപത്രിയിൽ ചികിത്സക്കായെത്തിയത്.
ഇതുവരെ 228 പേർ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തളർന്നുവീഴുക, വിറയൽ എന്നീ രോഗലക്ഷണങ്ങളാണ് ആദ്യം രോഗികളിൽ കാണിക്കുന്നത്, ഈ ലക്ഷണങ്ങൾ പെട്ടെന്ന് മാറിയ ശേഷം വീണ്ടും പ്രകടമാകുകയും ചെയ്യുന്നുണ്ട് എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ സുനന്ദ വ്യക്തമാക്കി. അതെ സമയം രോഗികള്‍ വ്യത്യസ്ത പ്രായത്തിലുള്ളവരും, രോഗികൾക്ക് പരസ്പരം ബന്ധമില്ലെന്നും ഒന്നിച്ച് ഒരുപരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും ഇവരെ ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചു.
ചികിത്സ തേടി ആശുപത്രിയിൽ എത്തിയവരിൽ നിന്ന് എഴുപത് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതിട്ടുണ്ട്. നിലവില്‍ 76 സ്ത്രീകളും 46 കുട്ടികളുമാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. രോഗികളില്‍ ഭൂരിഭാഗവും പ്രായമായവരും കുട്ടികളുമാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ രക്ത പരിശോധന റിപ്പോർട്ടുകളിൽ അസാധരണമായി ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പരിശോധനയ്ക്കായി മെഡിക്കല്‍ വിദഗ്ധ സംഘം എല്ലുരിലെത്തിയിട്ടുണ്ട്.