നോയിഡ: നോയിഡയിലെ സെക്ടർ 70ലെ ബസായി ഗ്രാമത്തിലായിരുന്നു പുതിയ പാർട്ടിയുടെ പ്രഖ്യാപനം. നേരത്തെ പ്രതീക്ഷിച്ചിരുന്നതുപോലെ നീല നിറത്തിലുള്ളതാണ് പാർട്ടി പതാക. ഭീം ആർമി പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം പ്രഖ്യാപനം നടത്തിയത്. 28 മുൻ എംഎൽഎമാരും ആറ് മുൻ എംപിമാരും സന്നിഹിതരായിരുന്നു.
പുതിയ പാർട്ടിയുടെ പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്ത തിയതിയെ ചൊല്ലിയുള്ള ചർച്ചകൾക്കും ചൂടേറുകയാണ്. ഉത്തർപ്രദേശിലെ ദളിത് വോട്ടുകളിൽ വലിയൊരു പങ്ക് കൈയിലുള്ള മായാവതിക്ക് പുതിയ പാർട്ടിയുടെ രൂപീകരണം വെല്ലുവിളി ഉയർത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവക്കെതിരെ നടക്കുന്ന സമരങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ഭീം ആർമി, പുതിയ പാർട്ടിയുടെ സാമൂഹിക സാംസ്കാരിക വിഭാഗമായി തുടരുമെന്നും ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി.
പുതിയ പാർട്ടി പിറവിയെടുത്ത സാഹചര്യം ചർച്ച ചെയ്യാനായി മായാവതി പാർട്ടി നേതാക്കളുടെ യോഗം ഏപ്രിൽ ആദ്യവാരം വിളിച്ചിട്ടുണ്ട്. ചില ബി.എസ്.പി നേതാക്കളുമായി ചന്ദ്രശേഖർ ആസാദ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇവരെ പുതിയ പാർട്ടിയിൽ എത്തിക്കാൻ നീക്കം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മാർച്ച് രണ്ടിന് ലഖ്നൗവിലെത്തിയ ചന്ദ്രശേഖർ ആസാദ്, 2022ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി അഞ്ചു ചെറു പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഭാഗിദരി സങ്കൽപ് മോർച്ചയിൽ ചേരുമെന്ന് വ്യക്തമാക്കിയിരുന്നു.







































