ന്യൂഡെല്‍ഹി: ബിജെപി രാജ്യസഭയിലേക്ക് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ ജ്യോതിരാദിത്യ സിന്ധ്യയും ഇടംപിടിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചപ്പോള്‍ ജ്യോതിരാധിത്യ സിന്ധ്യയുമുണ്ട്.
നേരത്തെ ഇതേ സീറ്റിനെ ചൊല്ലിയാണ് കോണ്‍ഗ്രസ് നേതൃത്വവുമായി സിന്ധ്യ ഇടഞ്ഞത്. കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രി കമല്‍നാഥിന്റെ താല്‍പ്പര്യം കണക്കിലെടുത്ത് സിന്ധ്യയെ സ്ഥാനാര്‍ഥിയാക്കാന്‍ തയ്യാറായില്ല. പിന്നാലെ സിന്ധ്യയെ അനുകൂലിക്കുന്ന എംഎല്‍എ മാര്‍ വിമത ശബ്ദം ഉയര്‍ത്തി രംഗത്ത് വരികയായിരുന്നു.കോണ്‍ഗ്രസ് നേതൃത്വം ഒത്ത് തീര്‍പ്പ് ശ്രമങ്ങളുമായി രംഗത്ത് വന്നപ്പോള്‍ സിന്ധ്യ ബിജെപിയുടെ പാളയത്തില്‍ എത്തുകയും ചെയ്തു.
കോണ്‍ഗ്രസ് ഇപ്പോള്‍ ഒരുപാട് മാറിയെന്ന് പറഞ്ഞ ജ്യോതിരാദിത്യ സിന്ധ്യ ജനങ്ങളെ സേവിക്കുന്നതിന് കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് പറഞ്ഞു.ഇപ്പോള്‍ സിന്ധ്യക്ക് ജനങ്ങളെ സേവിക്കുന്നതിന് ബിജെപി അവസരം നല്‍കിയിരിക്കുകയാണ്.കോണ്‍ഗ്രസില്‍ നിന്നെത്തിയ സിന്ധ്യയെ ബിജെപി രാജ്യസഭയില്‍ എത്തിക്കുകയും ഇനി കേന്ദ്രമന്ത്രി സഭയില്‍ എത്തിക്കുന്നതിനും സാധ്യതയുണ്ട്. ബിജെപി നടത്തിയ ചടുല നീക്കം സിന്ധ്യയെ രാജ്യസഭയില്‍ എത്തിക്കുന്നതിനും ഒപ്പം തന്നെ മധ്യപ്രദേശിലെ മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ച് വരവിന് ശിവരാജ് സിംഗ് ചൗഹാന് അവസരം ഒരുങ്ങിയിരിക്കുകയുമാണ്.
നിലവില്‍ ബിജെപി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടുന്നതിനുള്ള ശ്രമത്തിലാണ്.അത് കൊണ്ട് തന്നെ ഒരുപക്ഷെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ ബിജെപിയില്‍ എത്തുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ബിജെപി ആകട്ടെ തങ്ങള്‍ക്ക് വിജയ സാധ്യതയുള്ള രണ്ട് സീറ്റുകളില്‍ ഒന്ന് സിന്ധ്യക്കും മറ്റൊരു സീറ്റ് ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഹര്‍ഷ് ചൗഹാനും നല്‍കി. ആര്‍എസ്എസുമായി എറെ അടുപ്പം പുലര്‍ത്തുന്ന ഹര്‍ഷ് ചൗഹാനെ സിന്ധ്യക്കൊപ്പം തന്നെ പരിഗണിച്ച് കൊണ്ട് സംഘടനയ്ക്കുള്ളില്‍ ആരും അവഗണിക്കപെടുന്നില്ല എന്ന സന്ദേശവും ബിജെപി നല്‍കുന്നു.





































