gnn24x7

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും

0
276
gnn24x7

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. ഏപ്രില്‍ 3 വരെയാണ് സഭ സമ്മേളിക്കുക.

ഡല്‍ഹി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം പ്രക്ഷുബ്ധമായിരിക്കുമെന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തെ ഭീതിയിലാഴ്ത്തിയ വടക്കു കിഴക്കന്‍ ഡല്‍ഹി കലാപം പാര്‍ലമെന്‍റില്‍ ഉന്നയിച്ച്‌ ഇരു സഭകളേയും പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ഒപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി ആവശ്യപ്പെട്ട് സഭാ നടപടികള്‍ തടസ്സപ്പെടുത്താനും പ്രതിപക്ഷം ഒരുങ്ങുന്നതായാണ് സൂചന.

അതേസമയം, പല പുതിയ ബില്ലുകളും, നിയമ ഭേദഗതിയും ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കാം. വനിതകളുടെ അവകാശവുമായി ബന്ധപ്പെട്ടതടക്കമുള്ള നിര്‍ണായക ബില്ലുകളും ഈ സമ്മേളനത്തില്‍ പരിഗണിയ്ക്കുന്നുണ്ട്.

ഗര്‍ഭച്ഛിദ്ര നിയമ ഭേദഗതി (ഗര്‍ഭച്ഛിദ്രത്തിനുള്ള സമയപരിധി 20 ല്‍ നിന്ന് 24 ആഴ്ചയായി ഉയര്‍ത്തുന്ന ഗര്‍ഭച്ഛിദ്ര നിയമ ഭേദഗതി), പ്രത്യുല്‍പാദന സാങ്കേതിക സഹായ വിദ്യ (എആര്‍ടി) നിയന്ത്രണ ബില്‍, രാജ്യത്തെ അര്‍ബന്‍ ബാങ്കുകളെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലേക്കു കൊണ്ടുവരുന്ന ബില്‍ തുടങ്ങിയവയാണ് ഈ സമ്മേളനത്തില്‍ പരിഗണിക്കുന്ന പ്രധാന ബില്ലുകള്‍.

അതേസമയം, സഭയില്‍ പ്രതിപക്ഷ ബഹളം പ്രതീക്ഷിക്കുന്ന സര്‍ക്കാര്‍, എതിര്‍പ്പുകളെ മറികടന്ന് ബില്ലുകള്‍ പരിഗണിക്കുകയും, ധനാഭ്യര്‍ത്ഥന ചര്‍ച്ചയടക്കമുള്ള നടപടികളുമായും മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, രാജ്യസഭയില്‍ ഒഴിവുവരുന്ന 55 സീറ്റുകളിലേക്കും ഈ സമ്മേളന കാലയളവില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മാര്‍ച്ച്‌ 26നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here