ഛത്തീസ്ഗഢിലെ ബസ്തർ പ്രദേശത്ത് മാവോയിസ്റ്റ്കൾക്കിടയിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതായി സംശയിക്കുന്നതായി ഛത്തീസ്ഗഡ് പോലീസ് പറഞ്ഞു. കുറഞ്ഞത് 10 മാവോയിസ്റ്റുകൾ കോവിഡ് 19 മൂലമോ ഭക്ഷ്യവിഷബാധ മൂലമോ മരണമടഞ്ഞതായി പൊലീസ് സംശയിക്കുന്നു.
ചില മുതിർന്ന മാവോയിസ്റ്റ് നേതാക്കൾക്കും കോവിഡ് ബാധ ഉണ്ടായതായി പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നു. ‘തിങ്കളാഴ്ച രാത്രി ബിജാപ്പൂർ, സുക്മ ജില്ലകളുടെ അതിർത്തിയിലെ വനപ്രദേശത്ത് 10 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ നക്സലുകൾ കത്തിച്ചു കളഞ്ഞതായി പ്രാദേശിക ഗ്രാമവാസികളിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്’ – ദന്തെവാഡയിലെ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറയുന്നു.
മാവോയിസ്റ്റുകളിലൂടെ പ്രദേശവാസികളിലേക്ക് രോഗവ്യാപനം ഉണ്ടാകാൻ സാധ്യതയുള്ളതായി എസ് പി അറിയിച്ചു. മാവോയിസ്റ്റുകൾ യാതൊരു സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാതെയാണ് ഗ്രാമവാസികളുടെ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. ഈ അലംഭാവം ബസ്തറിന്റെ ഉൾപ്രദേശങ്ങളിൽ ജീവിക്കുന്ന ഗ്രാമവാസികൾക്കിടയിൽ കോവിഡ് വ്യാപിക്കുന്നതിന് കാരണമായേക്കാം’






































