സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് കര്‍ണാടകയിലെ ക്രിസ്തു പ്രതിമയും 14കുരിശുകളും പൊളിച്ചുനീക്കി. കര്‍ണാടകയിലെ ദേവനഹള്ളിയിലെ നാലേക്കര്‍ സ്ഥലത്തായി സ്ഥിതി ചെയ്തിരുന്ന കുരിശുകളും പ്രതിമയുമാണ് പൊളിച്ചുനീക്കിയത്.
ആരാധനാലയങ്ങളിലെ പുരോഹിതര്‍ പ്രദേശവാസികളെ പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നടപടി. മതപരിവർത്തന൦ ആരോപിച്ച് ബജ്‌റംഗ്ദളും ഹിന്ദു രക്ഷാ വേദിക് പ്രവർത്തകരുമാന് പരാതി നല്‍കിയത്.
ഫെബ്രുവരി 23ന് സര്‍ക്കാര്‍ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്ന് ആരോപിച്ച് ആരാധന സമയത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം തള്ളി സഭാ അധികൃതര്‍ രംഗത്തെത്തി.
40 വര്‍ഷങ്ങളായി ആരാധന നടക്കുന്ന ഈ നാലേക്കര്‍ സ്ഥലം ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ പാതി നല്‍കിയതാണെന്നാണ് സഭയുടെ വിശദീകരണം. പുറത്ത് നിന്നുള്ള സ്വകാര്യ വ്യക്തികളുടെ സമ്മര്‍ദ്ദമാന് ഇത്തരമൊരു നടപടിയിലേക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് സഭ പറയുന്നത്.
പ്രതിമ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. സംഭവത്തിൽ വിശദീകരണം നൽകാൻ ദേവനഹളളി തഹസിൽദാർ തയ്യാറായില്ല.
ക്രിസ്തുപ്രതിമയുടെ പേരിൽ സംഘപരിവാർ പ്രതിഷേധം കർണാടകത്തിൽ രണ്ട് മാസം മുമ്പും ഉണ്ടായിരുന്നു. ഡി കെ ശിവകുമാറിന്‍റെ മണ്ഡലത്തിൽ കൂറ്റന്‍ പ്രതിമ നിർമിക്കുന്നതിലായിരുന്നു എതിർപ്പ്. കനകപുരയിലെ ക്രിസ്തുപ്രതിമ നിർമ്മാണത്തിലും പ്രതിഷേധവുമായി ബിജെപി-ആര്‍എസ്എസ് സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
യേശുക്രിസ്തുവിന്‍റെ 114 അടി ഉയരമുള്ള ഒറ്റക്കൽ പ്രതിമ കർണാടകയിൽ രാമനഗരയിലെ കനക്പുരയിൽ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദു അനുകൂല സംഘടനകള്‍ പ്രതിഷേധിച്ചത്.
ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്(വിഎച്ച്പി), ഹിന്ദു ജാഗരണ വേദികെ(എച്ച്ജെവി) എന്നിവരായിരുന്നു അന്നും പ്രതിഷേധത്തിന് മുന്നില്‍.
13 പടികള്‍ ഉള്‍പ്പെടെ പ്രതിമയുടെ ഉയരം 114 അടിയാണ്. പടികളുടെ നിര്‍മാണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമകളില്‍ ഒന്നായിരിക്കും കര്‍ണാടകയിലെ കനകപുരയില്‍ ഉയരുക.









































