gnn24x7

ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് കോണ്‍ഗ്രസിന് കഠിനമാകുമെന്ന് സൂചന

0
273
gnn24x7

അഹമ്മദാബാദ്: ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് കോണ്‍ഗ്രസിന് കഠിനമാകുമെന്ന് സൂചന. ബി.ജെ.പി തങ്ങളുടെ മൂന്നാം സ്ഥാനാര്‍ത്ഥിയെയും പ്രഖ്യപിച്ചുകഴിഞ്ഞു. മൂന്നാം സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പിന്തുണ നല്‍കുമെന്നാണ് മൂന്നാം സ്ഥാനാര്‍ത്ഥിയായ നരഹരി അമിന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ബി.ജെ.പി പ്രകടിപ്പിക്കുന്ന ഈ ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തുന്നത്. മധ്യപ്രദേശ് ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ രാജസ്ഥാനിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയാണ് നരഹരി അമിന്‍.

2012ലാണ് നരഹരി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. താന്‍ അന്ന് ചിന്തിച്ചതുപോലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇത്തവണ ചിന്തിക്കുമെന്നും നരഹരി പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടി വിടുകയോ ബി.ജെ.പിക്ക് വോട്ട് ചെയ്യുകയോ ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സമ്മര്‍ദ്ദത്തിലാണ്. അവരെങ്ങനെയൊക്കെയാണ് ചൂഷണം ചെയ്യപ്പെടുന്നതെന്നതിനെക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമില്ല. ആ പാര്‍ട്ടിയില്‍ അവരെ ഒരിക്കലും വിലമതിച്ച് പരിഗണിക്കില്ല എന്നവര്‍ അറിയുന്നില്ല. ഇതുകൊണ്ടൊക്കെയാണ് ഞാന്‍ അന്ന് പാര്‍ട്ടി വിട്ടത്. നേതൃത്വമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്’, നരഹരി ആരോപിച്ചു.

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ വിജയം കാണാതെ മടങ്ങേണ്ടി വരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും പറഞ്ഞു. ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ നേരിട്ട് കണ്ട് സ്വാധീനിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഈ നീക്കം തടയാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ മത്സരം നടക്കുന്നത്. ബി.ജെ.പിയുടെ അഡ്വ. അഭയ് ഭരദ്വാജ്, റമീളാ ബാര, നരഹരി അമിന്‍ എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. സംസ്ഥാനാധ്യക്ഷന്‍ ഭരത് സിങ് സോളങ്കി, ശക്തിസിങ് ഗോഹില്‍ എന്നിവരുടെ പേരാണ് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നാലില്‍ രണ്ട് സീറ്റുകളില്‍ വിജയിക്കാനുള്ള അംഗ സംഖ്യ 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഉണ്ട്. 37 വോട്ടാണ് ഒരു സീറ്റില്‍ വിജയിക്കാന്‍ വേണ്ടത്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് 73 എം.എല്‍.എമാരാണുള്ളത്. സ്വതന്ത്ര എം.എല്‍.എ ജിഗ്‌നേഷ് മേവാനിയുടെ പിന്തുണ കോണ്‍ഗ്രസിനാണ്. ഇത് കൂടാതെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരും എന്‍.സി.പിയുടെ ഒരംഗവും കോണ്‍ഗ്രസിനെ പിന്തുണക്കുന്നുണ്ട്.

അതേസമയം, ബി.ജെ.പിക്ക് 103 എം.എല്‍.എമാരാണുള്ളത്. രണ്ട് സീറ്റുകളിലാണ് നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിക്ക് വിജയിക്കാന്‍ കഴിയുകയെങ്കിലും മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നത്.

മൂന്നാം സീറ്റിലെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെങ്കില്‍ എട്ട് അംഗങ്ങളുടെ പിന്തുണ കൂടി വേണം. ഇത് കോണ്‍ഗ്രസില്‍ നിന്ന് നേടാനുള്ള ശ്രമം ബി.ജെ.പി നടത്തുന്നു എന്നതാണ് പ്രതിപക്ഷത്തിന്റെ ഭയത്തിന് കാരണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here