gnn24x7

കമല്‍നാഥ് തന്നെ ഉപതെരഞ്ഞെടുപ്പില്‍ തങ്ങളെ നയിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍

0
322
gnn24x7

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച കമല്‍നാഥ് തന്നെ ഉപതെരഞ്ഞെടുപ്പില്‍ തങ്ങളെ നയിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍. രാജിവെച്ച് ഒരു ദിവസം കഴിഞ്ഞപ്പോള്‍ ‘ഞങ്ങള്‍ അങ്ങയോടൊപ്പമുണ്ട്’ എന്ന് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് ബാനര്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് എം.എല്‍.എമാരുടെ പ്രതികരണം.

കമല്‍നാഥ് തന്നെ പ്രതിപക്ഷ നേതാവാകണമെന്നും ബി.ജെ.പിക്കെതിരായ പോരാട്ടം നയിക്കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനം ഭരിക്കാന്‍ ഞങ്ങള്‍ തയ്യാറായെന്ന് പാര്‍ട്ടി വക്താവ് ശര്യാര്‍ ഖാനും സംസ്ഥാന ഉപാദ്ധ്യക്ഷനായ നാഗേന്ദ്ര ത്രിപാദിയും സ്ഥാപിച്ച പോസ്റ്ററില്‍ പറയുന്നു.

വെള്ളിയാഴ്ച രാജി സമര്‍പ്പിച്ചതിന് ശേഷം എം.എല്‍.എമാരെ കമല്‍നാഥ് അഭിസംബോധന ചെയ്തിരുന്നു. ആരും നിരാശരാവേണ്ടതില്ലെന്നും ഉപതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരിച്ചുവരുമെന്നും കമല്‍നാഥ് പറഞ്ഞിരുന്നു.

24 നിയമസഭ സീറ്റുകളിലേക്കാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇതില്‍ 22 സീറ്റുകള്‍ ജ്യോതിരാദിത്യ സിന്ധ്യ അനുകുലികളായ എം.എല്‍.എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായതാണ്. രണ്ട് സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് എം.എല്‍.എമാരായവര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ്.

gnn24x7