അഹമ്മദാബാദ്: രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി രാജിക്കത്ത് നല്കിയ ഗുജറാത്തിലെ അഞ്ച് എംഎൽഎമാരെ കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തു. സോമഭായ് പട്ടേൽ, ജെ.വി. കകഡിയ, പ്രദ്യൂമൻസിംഗ് ജഡേജ, പ്രവീൻ മാരു, മംഗൽ ഗവിത് എന്നീവരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം എംഎൽഎമാർ സ്പീക്കർക്ക് രാജിക്കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നടപടി.
നാല് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എംഎൽഎമാർ രാജിവച്ചത്.പാർട്ടിയെ അവഗണിച്ചതിനാണ് എംഎൽഎമാർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ അമിത് ചവ്ദ പറഞ്ഞു.അതേസമയം ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് ഗുജറാത്തിലെ 67 കോൺഗ്രസ് എംഎൽഎമാരെ രാജസ്ഥാനിലെ ജയ്പുരിലേക്കു മാറ്റി. ഒരു എംഎൽഎയെ കാണാനില്ല. അഞ്ചു കോൺഗ്രസ് എംഎൽഎമാർ രാജിവച്ചതോടെ നിയമസഭയിൽ കോൺഗ്രസ് എംഎൽഎമാരുടെ അംഗബലം 68 ആയി ചുരുങ്ങിയിരുന്നു.
കപ്രാഡ എംഎൽഎ ജിത്തു ചൗധരിയുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നു കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. 74 എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിലേ കോൺഗ്രസിനു രണ്ടു രാജ്യസഭാ സീറ്റുകളിൽ വിജയിക്കാനാകൂ. ബിജെപിക്ക് 111 വോട്ട് ലഭിച്ചാൽ മൂന്നു സീറ്റു ജയിക്കാം. ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ടംഗങ്ങളുടെയും ഒരു എൻസിപി അംഗത്തിന്റെയും പിന്തുണ ബിജെപി ഉറപ്പിച്ചിട്ടുണ്ട്.
 
                






