ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതൃത്വം.
ഡല്‍ഹിയിലെ കലാപ പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍ന്ന് രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘം സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കും.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, എകെ ആന്‍റണി അടക്കുമുള്ള മുതിര്‍ന്ന നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കുകയും രാഷ്ട്രപതിയെ സന്ദര്‍ശിക്കുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
ബുധനാഴ്ച നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
“ഡല്‍ഹിയില്‍ കലാപം പടര്‍ന്ന് പിടിക്കുന്നതിന് പിന്നില്‍ ബിജെപി ഗൂഢാലോചനയാണ്. ബിജെപി നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്തുന്നു. ഇതാണ് കലാപത്തിന് ഇടയാക്കിയത്. സ്ഥിതി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരോ ഡല്‍ഹി സര്‍ക്കാരോ ഇടപെടുന്നില്ല”, യോഗത്തിന് ശേഷം സോണിയാ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഡല്‍ഹി അക്രമങ്ങളുടെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.






































