ലഖ്നൗ: അയോധ്യയിൽ രാമ ക്ഷേത്ര നിർമ്മാണം ആരംഭിച്ചു. നിർമ്മാണം ആരംഭിച്ചതായി രാം ജന്മഭൂമി തീർത്ഥ ട്രസ്റ്റിന്റെ ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസ് അറിയിച്ചു. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് നൃത്യ ഗോപാൽ ദാസ് നിലവിലെ താൽക്കാലിക ക്ഷേത്രത്തിൽ പൂജ നടത്തി.
രാമ ജന്മഭൂമിയിൽ ക്ഷേത്ര നിർമ്മാണം നടത്താമെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി 2019 നവംബർ 9 ന് വന്നതോടെയാണ് വിദഗ്ദ്ധരെ ഉൾപ്പെടുത്തിയുള്ള നിർമ്മാണ ട്രസ്ട് കേന്ദ്ര സർക്കാർ രൂപീകരിച്ചത്.
ഇതിനെതുടർന്ന് മാർച്ച് 15 ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ 27 വർഷത്തിന് ശേഷം രാംലല്ലയുടെ വിഗ്രഹം താൽക്കാലിക ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. മാനസ് ഭവൻ വളപ്പിലെ പ്രത്യേകം നിർമ്മിച്ച പന്തലിലാണ് വിഗ്രഹം ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് ഭക്തർ എല്ലാം സമർപ്പിക്കാനായി തയ്യാറായി നിൽക്കുകയാണെന്നും അതുകൊണ്ടുതന്നെ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനുള്ള ധനത്തിന് യാതൊരു മുട്ടും വരില്ലയെന്നും ക്ഷേത്രത്തിലെ മുഖ്യ പൂജാരി പറഞ്ഞു. മാത്രമല്ല ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഭക്തർ ക്ഷേത്ര നിർമ്മാണത്തിനായി തങ്ങളുടേതായ സംഭാവനകൾ നൽകി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.






































