ന്യൂഡൽഹി: കൊറോണ വൈറസ് മനുഷ്യ നിർമ്മിതമല്ലെന്നും പ്രകൃതിയിൽ നിന്നുണ്ടായതാണെന്നും ഇന്ത്യയിലെ ചൈനീസ് അംബാസിഡർ സുൻ വെയ്ഡോങ്. കൊറോണ വൈറസ് ഭീകരമാണ് പക്ഷേ അതിനേക്കാളും ഭീകരമായ കുപ്രചാരണങ്ങളാണ് വൈറസിനെ കുറിച്ച് പരക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് വൈറസ് ചോർന്നതെന്ന് ആരോപണങ്ങൾക്കായിരുന്നു അദ്ദേഹത്തിെൻറ മറുപടി.
വൈറസ് മനുഷ്യ നിർമ്മിതമാണെന്നതിന് തെളിവുകളില്ല. പ്രകൃതിയിൽ നിന്ന് വ്യാപിച്ചുവെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ നൽകിയ സഹായത്തിന് നന്ദിയറിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2003ൽ സാർസ് രോഗബാധയുണ്ടായപ്പോൾ അന്നത്തെ വിദേശകാര്യമന്ത്രി ജോർജ് ഫെർണാണ്ടസ് ചൈന സന്ദർശിച്ചതും അദ്ദേഹം ഓർമിച്ചു.
കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ ഇതുവരെ 1900 പേർ മരിച്ചു. 72,000 പേർക്ക് ഇതുവരെ രോഗബാധയേറ്റിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.





































