ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 62,700 ആയി. ഇന്നലെ വരെയുള്ള കണക്കുകൾ അനുസരിച്ച് 2000 ലധികം പേർ കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചു.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശത്തു നിന്നുള്ളവരും തിരിച്ചെത്തിക്കൊണ്ടിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മരണങ്ങളിൽ 42 ശതമാനവും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂവായിരത്തിലേറെയാണ്. ആറ് ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം നാൽപതിനായിരത്തിൽ നിന്ന് അറുപതിനായിരത്തിലേക്ക് ഉയർന്നത്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ച്ച വരെ 1,981 പേർ കോവിഡ് ബാധിച്ചു മരിച്ചു. രോഗബാധിതരുടെ എണ്ണം 59,662 ആയി. 24 മണിക്കൂറിനിടയിൽ 95 മരണങ്ങളും 3,320 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.
പിടിഐയുടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 62,761 പേർ രോഗബാധിതരാണ്. 19.000 പേർ രോഗമുക്തരായി. മരണം 2,028.
ഉത്തർപ്രദേശ്, ജമ്മു കശ്മീർ, വെസ്റ്റ്ബംഗാൾ, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, കർണാടക, പഞ്ചാബ്, ബിഹാർ, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
തമിഴ്നാട്ടിൽ ഇന്നലെ നാല് പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണ സംഖ്യ 44 ആയി. 526 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 6,500 ആയി.
അതേസമയം, ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷത്തോട് അടുക്കുന്നു. ഏകദേശം 2.75 ലക്ഷം പേർ രോഗബാധിതരായി മരിച്ചു. 13 ലക്ഷം പേർ രോഗമുക്തരായി.








































