ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28,000ത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1396 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിതരുടെ എണ്ണം 27892 ആയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനുള്ളില്‍ 48 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 872 ആയി.
കൊവിഡ് ബാധിതരില്‍ 6,185 പേര്‍ക്ക് രോഗം ഭേദമായി. ആകെയുള്ള കൊവിഡ് ബാധിതരില്‍ 20,835 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
അതേസമയം തിങ്കളാഴ്ച മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് വ്യാപനമുണ്ടായത് മഹാരാഷ്ട്രയിലാണ്.
8068 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 342 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ഗുജറാത്താണ് മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനം. 3000 ത്തിലേറെ പേര്‍ക്കാണ് ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 151 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ദല്‍ഹിയില്‍ 2,918 കേസുകളും രാജസ്ഥാനില്‍ 2185 കേസുകളും മധ്യപ്രദേശില്‍ 2,096 കേസുകളും റിപ്പോര്‍ട്ടു ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതിനപ്പുറമുള്ള ഇളവുകളൊന്നും ലോക് ഡൗണില്‍ പ്രഖ്യാപിക്കില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചിരുന്നു.




































