gnn24x7

രാജ്യത്ത് കൊവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതിനെതിരെ ആരോഗ്യവിദഗ്ധര്‍

0
534
gnn24x7

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതിനെതിരെ ആരോഗ്യവിദഗ്ധര്‍. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡമിയോളജിസ്റ്റ്‌സ്, ഐ.സി.എം.എറിലെ വിദഗ്ധര്‍ എന്നിവരാണ് സംയുക്തമായി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

‘ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇതിനോടകം സമൂഹവ്യാപനം നടന്നുകഴിഞ്ഞ സ്ഥിതിയ്ക്ക് ഈ ഘട്ടത്തില്‍ കൊവിഡിനെ തുടച്ചുനീക്കാമെന്നത് സാങ്കല്‍പ്പികം മാത്രമാണ്’, പ്രസ്താവനയില്‍ പറയുന്നു.

മാര്‍ച്ച് 25 മുതല്‍ മേയ് 31 വരെയുള്ള ലോക്ക് ഡൗണ്‍ തീരുമാനം മികച്ച ഒന്നായിരുന്നു. എന്നിരുന്നാല്‍ ഇപ്പോഴും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

ഡോ. ശശികാന്ത് (പ്രൊഫ.& ഹെഡ്, സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ എയിംസ്), ഡോ. ഡി.സി.എസ് റെഡ്ഡി( മുന്‍ പ്രൊഫ & ഹെഡ് കമ്മ്യൂണിറ്റി മെഡിസിന്‍ ബി.എച്ച്.യു) എന്നിവരും പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്. ഇരുവരും കൊവിഡ് 19 മഹാമാരിയ്‌ക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഐ.സി.എം.ആറിലെ ഡോക്ടര്‍മാരാണ്.

രാജ്യത്ത് ശനിയാഴ്ച മാത്രം കൊവിഡ് പോസിറ്റീവായത് 8380 പേരാണ്. 8000 ത്തില്‍ കൂടുതല്‍ പേര്‍ക്ക് ഇന്ത്യയില്‍ ഒറ്റദിവസം രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.

ഇതോടെ ആകെ രോഗികളുടെ എണ്ണം 1,82,143 ആയി. ഇന്നലെ മാത്രം 193 പേര്‍ മരിച്ചതോടെ മരണസംഖ്യ 5000 കടന്നു. 5164 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്.

രാജ്യത്തെ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ ആശങ്കയുണര്‍ത്തുന്നതാണ്. തീവ്രബാധിത പ്രദേശങ്ങളില്‍ മാത്രം ലോക്ക്ഡൗണ്‍ നടപ്പിലാക്കാനുമാണ് തീരുമാനം.

തീവ്രബാധിത പ്രദേശങ്ങളില്‍ ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ ഉണ്ടാകും. ജൂണ്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ അഥവാ ഹോട്ട്സ്പോട്ടുകളില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ലോക്ക്ഡൗണ്‍ ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം അന്തര്‍സംസ്ഥാനയാത്രകള്‍ക്ക് ഇനി നിയന്ത്രങ്ങളില്ലെന്നാണ് പുതിയ മാര്‍ഗരേഖയിലുള്ളത്. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. ജൂണ്‍ 1 മുതലാണ് പുതിയ മാര്‍ഗ രേഖ നിലവില്‍ വരുന്നത്.

തിങ്കളാഴ്ച മുതല്‍ പ്രത്യേക പാസ്സ് വാങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകണം എന്ന ചട്ടം ഇതോടെ ഇല്ലാതാകും.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here