ന്യൂഡൽഹി: ക്രിപ്റ്റോകറൻസി വ്യാപാരത്തിന് 2018ൽ ആർ.ബി.ഐ ഏർപ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി. ഇതോടെ ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ഡിജിറ്റൽ കറൻസികൾ ഇന്ത്യയിൽ നിയമവിധേയമാകും. സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ക്രിപ്റ്റോകറൻസിക്ക് സമ്പൂർണ്ണ നിരോധനമെന്നത് നിയമപരമായി ശരിയല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത്തരം കറൻസിയുടെ വ്യാപാരത്തിനായി നിയമപരമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ഡിജിറ്റൽ കറൻസിയുടെ ഇടപാടുമായി ബന്ധപ്പെട്ട് നിരവധി ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. കോടതിയുടെ ഇന്നത്തെ ഉത്തരവ് ഈ ഹരജികളെയെല്ലാം സ്വാധീനിക്കും.
ക്രിപ്റ്റോകറൻസിക്ക് നിരോധനമേർപ്പെടുത്തിയ ആർ.ബി.ഐ ഉത്തരവിനെതിരെ ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, ആർ.ബി.ഐയുടെ കീഴിൽ വരുന്ന സ്ഥാപനങ്ങൾ ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്നതിന് മാത്രമാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് കേന്ദ്രബാങ്ക് പ്രതികരിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്കും കള്ളപ്പണം വെളുപ്പിക്കാനും ക്രിപ്റ്റോകറൻസി ഉപയോഗിക്കുന്നുണ്ടെന്നും ആർ.ബി.ഐ ആരോപിച്ചു.





































