ഡല്‍ഹി കലാപങ്ങള്‍ക്കിടെ തോക്കുമായി തന്‍റെ മുന്നിലെത്തിയ യുവാവിനെ ധൈര്യമായി നേരിട്ട ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിളായ ദീപക് ദഹിയയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം.
കലാപകാരിയുടെ തോക്കിൻമുനയിൽ നെഞ്ചുവിരിച്ചു നിന്ന ദീപക്കിന്‍റെ ചിത്രങ്ങളും വീഡിയോയും, സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു. ഫെബ്രുവരി 24ന് നോർത്ത് ഈസ്റ്റ് ദില്ലിയിലെ ജാഫറാബാദ് എന്ന സ്ഥലത്താണ് സംഭവം.
വടക്കുകിഴക്കൻ ജില്ലകളിൽ അന്ന് അടിയന്തര ഡ്യൂട്ടിക്ക് വന്നതായിരുന്നു ദീപക്. കലാപം പൊട്ടിപ്പുറപ്പെട്ട ദിവസം ഫോഴ്സ് തികയാതെ വന്നതിനാല്‍ ഡല്‍ഹി പോലീസ് അടിയന്തരമായി പോലീസുകാരെ വിളിച്ചുവരുത്തിയിരുന്നു. ഈ സംഘത്തിലെ അംഗമായിരുന്നു ദീപക്.
സംഘര്‍ഷങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് മെറൂണ്‍ ടീഷർട്ട് ധരിച്ച് ഒരു യുവാവ് തോക്കുമായി ദീപകിനു മുന്നിലെക്കെത്തിയത്. നിലവിൽ പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന ഷാരൂഖ് എന്ന യുവാവായിരുന്നു തോക്ക് ചൂണ്ടി എത്തിയത്.
തോക്കുമായി നിന്ന ഇയാളെ എതിരിടാന്‍ ദീപക്കിന്‍റെ കൈവശം ആകെയുണ്ടായിരുന്നത് ലാത്തി മാത്രമായിരുന്നു. അതുവച്ച് അയാളെ ഭയപ്പെടുത്താൻ ദീപക് ശ്രമിക്കുകയും ധൈര്യമുണ്ടെങ്കില്‍ വെടി വയ്ക്കാന്‍ പറയുകയും ചെയ്തു.
എന്നാല്‍, തോക്ക് താഴെയിടാനുള്ള ദീപക്കിന്‍റെ വാക്കുകളെ ധിക്കരിച്ച ഇയാള്‍ ഒരു തവണ ആകാശത്തേക്കും രണ്ട് തവണ ജനകൂട്ടത്തിനിടയിലേക്കും വെടിവയ്ക്കുകയും ചെയ്തു. പിന്നീട് ആക്രമത്തില്‍ നിന്നും പിന്‍വാങ്ങിയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ ഷാരുഖ് ശാദര സ്വദേശിയാണ്. ഇയാള്‍ക്കെതിരെ ആയുധനിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. ക്രിമിനല്‍ പശ്ചാത്തലം ഒന്നും തന്നെയില്ലാത്ത ഷാരുഖിന്‍റെ പിതാവിന്‍റെ പേരില്‍ നിരവധി മയക്കു മരുന്ന് കടത്തല്‍ കേസുകളുണ്ട്.
അതേസമയം, പൊലീസ് പരിശീലനത്തിന്റെ മികവാണ് മനസ് പതറാതെ ഇത്തരമൊരു സന്ദര്‍ഭം കൈകാര്യം ചെയ്യാന്‍ പ്രാപ്തനാക്കിയതെന്ന് ദീപക് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹരിയാനയിലെ സോനപത് സ്വദേശിയാണ് ദീപക്. ദീപകിന്റെ സഹോദരന്‍മാരില്‍ ഒരാളും ഡല്‍ഹി പൊലീസിലുണ്ട്. പിതാവ് കോസ്റ്റ് ഗാഡായിരുന്നു. 2012ലാണ് ദീപക് ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ചത്.
വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിൽ ഏകദേശം 42 പേർക്കാണ് ജീവൻ നഷ്ടമായത്. മുന്നൂറോളം പേർ പരിക്കേറ്റ് ആശുപത്രിയിലാണ്.
പ്രത്യക്ഷത്തിൽ ശാന്തമായിരിക്കുന്ന ഡൽഹിയിൽ നിന്ന് ഇപ്പോൾ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 148 എഫ്.ഐ.ആറുകളിലായി 630ഓളം പേരെയാണ് സംഭവത്തില്‍ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.








































