ന്യൂഡൽഹി: രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി നാഷണൽ കേഡറ്റ് കോർപ്സ്- എൻസിസിയുടെ വിപുലീകരണ പദ്ധതിക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടുള്ള സ്വാതന്ത്ര്യദിന അഭിസംബോധനയിലാണ് പദ്ധതിയുടെ നിർദ്ദേശം പ്രഖ്യാപിച്ചത്.
173 തീരദേശ/ അതിർത്തി ജില്ലകളിൽ നിന്നായി ഒരു ലക്ഷത്തോളം കേഡറ്റുമാരെ എൻസിസിയുടെ ഭാഗമാക്കും. ഇതിൽ മൂന്നിലൊന്നും പെൺകുട്ടികൾ ആയിരിക്കും. അതിർത്തി/ തീരദേശ ജില്ലകളിൽ എൻസിസി യൂണിറ്റുകൾ ആരംഭിക്കുന്നതിന് ആയിരത്തോളം സ്കൂളുകളെയും കോളേജുകളെയും തെരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കേഡറ്റുകൾക്ക് പരിശീലനം നൽകുന്നതിന് 83 എൻസിസി യൂണിറ്റുകളെ അപ്ഗ്രേഡ് ചെയ്യും. (കരസേന 53, നാവികസേനാ 20, വ്യോമസേന 10).
അതിർത്തി പ്രദേശങ്ങളിലെ എൻസിസി യൂണിറ്റുകൾക്ക് വേണ്ട ഭരണപരമായ പിന്തുണയും പരിശീലനവും കരസേന നൽകും. തീരപ്രദേശങ്ങളിലെ എൻസിസി യൂണിറ്റുകളുടെ പരിശീലനം നാവികസേനയും, വ്യോമസേനാ താവളത്തിനു സമീപമുള്ള യൂണിറ്റുകൾക്ക് വേണ്ട പരിശീലനം വ്യോമസേനയും നൽകും.
തീരദേശ /അതിർത്തി പ്രദേശങ്ങളിൽ യുവാക്കൾക്ക് സേനാ പരിശീലനവും ചിട്ടയായ ജീവിതക്രമവും ലഭ്യമാക്കുന്നതിനും അവർക്ക് സേനയിൽ ചേരാൻ ഉള്ള പ്രചോദനവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. സംസ്ഥാനങ്ങളുമായി സഹകരിച്ച് ആയിരിക്കും എൻസിസി വിപുലീകരണ പദ്ധതി നടപ്പാക്കുക.









































