ന്യൂദല്‍ഹി: ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച 186 പേര്‍ക്ക് രോഗലക്ഷണങ്ങളില്ല. നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.
‘ദല്‍ഹിയില്‍ എല്ലാം നിയന്ത്രണത്തിലാണ്. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ച 186 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലെന്നത് ആശങ്കാജനകമാണ്. ലക്ഷണങ്ങള്‍ കാണിക്കാതിരുന്നതിനാല്‍ അവരും രോഗത്തെക്കുറിച്ച് അറിഞ്ഞില്ല,’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
അതേസമയം ദല്‍ഹിയില്‍ എല്ലാ ജില്ലകളും ഹോട്ട്സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഏപ്രില്‍ 27ന് വിദഗ്ദ്ധരുടെ റിവ്യൂ മീറ്റിംഗിന് മുമ്പ് യാതൊരു ഇളവുകളും ദല്‍ഹിയില്‍ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ദല്‍ഹിയിലെ 11 ജില്ലകളും ഹോട്ട്‌സ്‌പോട്ടുകളാണ്. അതുകൊണ്ടു തന്നെ യാതൊരു ഇളവുകളും പ്രഖ്യാപിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ല. നാളെതൊട്ട് ദല്‍ഹിയില്‍ യാതൊരു ഇളവുകളും പ്രഖ്യാപിക്കില്ലെന്ന് എല്ലാ ദല്‍ഹി നിവാസികളും മനസിലാക്കണം. നിലവിലുള്ള സ്ഥിതി വിശകലനം ചെയ്യാന്‍ ഏപ്രില്‍ 27ന് വിദഗ്ദ്ധരുമായി ഒരു യോഗം ചേരുന്നുണ്ട്. ഇളവുകള്‍ ആവശ്യമാണെങ്കില്‍ അതിന് ശേഷം മാത്രമാണ് തീരുമാനിക്കുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാഹചര്യത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് കൊവിഡ് ബാധിതരുടെ എണ്ണം കൂട്ടാനെ വഴിവെക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലകളിലെ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ തന്നെ ദല്‍ഹിയില്‍ 75 ഹോട്ട്‌സ്‌പോട്ടുകളുണ്ട്.
ദല്‍ഹിയില്‍ 1,900 കൊവിഡ് കേസുകളാണ് നിലവലിലുള്ളത്. അതില്‍ 26 പേര്‍ ഐ.സി.യുവിലും ആറുപേര്‍ വെന്റിലേറ്ററിലാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. 43 പേര്‍ മരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.