gnn24x7

ദല്‍ഹി അക്രമത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടിയന്തരയോഗം വിളിച്ചു

0
309
gnn24x7

ന്യൂദല്‍ഹി: ദല്‍ഹി അക്രമത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടിയന്തരയോഗം വിളിച്ചു. ദല്‍ഹിയിലെ തന്റെ വീട്ടിലാണ് കെജ്‌രിവാള്‍ യോഗം വിളിച്ചിട്ടുള്ളത്. എം.എല്‍.എമാരെയും പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ അക്രമം നടന്ന സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും യോഗത്തില്‍ വിളിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ അനുകൂലികള്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. അഞ്ച് പേരാണ് ഇതുവരെ സംഭവത്തെ തുര്‍ന്ന് കൊല്ലപ്പെട്ടിരിക്കുന്നത്. നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

പ്രതിഷേധക്കാര്‍ക്കെതിരെയുള്ള അക്രമം അപകടകരമായ നിലയിലേക്ക് നീങ്ങിയിട്ടും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇടപെടുന്നില്ലെന്നും കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു.

തലസ്ഥാനത്ത് ക്രമസമാധാനം പുലര്‍ത്തുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ ദല്‍ഹി പൊലീസ് നടപടിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉത്തരവാദിത്തങ്ങളില്‍നിന്നും മാറി നില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബി.ജെ.പിയുടെയും കെജ്‌രിവാളിന്റെയും പരസ്പരം പഴിചാരിയുള്ള രാഷ്ട്രീയത്തിന് വലിയ വില കൊടുക്കേണ്ടിവരുന്നത് ദല്‍ഹിയിലെ സാധാരണക്കാരായ ജനങ്ങളാണെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൗജ്പൂരില്‍ പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ദല്‍ഹിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

ദല്‍ഹി സംഘര്‍ഷത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചു. ദല്‍ഹിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി വെച്ചതായി ദല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാര്‍ക്കാരെ ആക്രമിച്ച സംഭവത്തില്‍ കപില്‍ മിശ്രയുടെ വിദ്വേഷപ്രസംഗത്തിനെതിരെ പരാതി ജാമിഅ കോഡിനേഷന്‍ കമ്മിറ്റി നല്‍കി. കപില്‍ മിശ്ര ആക്രമണത്തിന് ആഹ്വാനം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here