gnn24x7

ദൽഹിയിലെ അതിഥി സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളുടെ അവസ്ഥ ശോചനീയമെന്ന് ചൂണ്ടിക്കാട്ടി ദൽഹി പൊലീസ്

0
288
gnn24x7

ന്യൂദൽഹി: ദൽഹിയിലെ അതിഥി സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളുടെ അവസ്ഥ ശോചനീയമെന്ന് ചൂണ്ടിക്കാട്ടി ദൽഹി പൊലീസിന്റെ റിപ്പോർട്ട്. ക്യാമ്പുകളിൽ തൊഴിലാളികൾക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല, കടുത്ത ചൂടിലും ഫാനുകൾ പ്രവർത്തിക്കുന്നില്ല, ശുചിമുറികളിൽ രാവിലെ 7 മണിമുതൽ 11 മണിവരെ മാത്രമേ വെള്ളം ലഭിക്കുന്നുള്ളൂ, ഹാൻഡ് വാഷോ, സാനിറ്റെസറോ ഇല്ല തുടങ്ങി ക്യാമ്പുകളുടെ ദയനീയ അവസ്ഥ വെളിപ്പെടുത്തുന്നതാണ് പൊലീസ് തയ്യാറാക്കിയ റിപ്പോർട്ട്.

ലോക്ക് ഡൗണിനെ തുടർന്ന് ക്യാമ്പുകളിൽ ദിവസങ്ങളായി താമസിച്ചുവരുന്നവർക്ക് അലക്കാനോ കുളിക്കാനോ സോപ്പ് പോലുമില്ലെന്നും, കൊതുകുകളുടെ ശല്യം ഇവിടെ കൂടുതലാണെന്നും പൊലീസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ദൽഹിയിലെ 15 ഓളം ക്യാമ്പുകളിലെത്തി നേരിട്ട് പഠനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഉത്തര ദൽഹി ഡി.സി.പി മോണിക്ക ബർദ്വാജ് റിപ്പോർട്ട് ഡെപ്യൂട്ടി കമ്മീഷണർ നിധി ശ്രീവാസ്തവയ്ക്ക് കെെമാറി.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറിനുള്ളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സെൻട്രൽ ഡിസ്ട്രിക്റ്റ് അഡ്മിനിസ്ട്രേഷൻ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി.

റിപ്പോർട്ടിന്റെ പകർപ്പ് ദൽഹിയിലെ എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും കെെമാറിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു. കുടിവെള്ളം പോലും ലഭിക്കാത്ത ക്യാമ്പുകളും ദൽഹിയിലുണ്ടെന്ന് ലഹോരി ​ഗേറ്റ് പൊലീസ് സ്റ്റേഷൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായതായും റിപ്പോർട്ടുകളുണ്ട്.

ക്യാമ്പുകളിൽ ദിവസവും രണ്ട് നേരം മാത്രമാണ് തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുന്നത്. ഇത് ആവശ്യത്തിന് ലഭിക്കാത്തത് ആളുകൾ തെരുവിൽ ചുറ്റിക്കറങ്ങാൻ ഇടയാക്കുന്നുണ്ടെന്നും ദൽഹി പൊലീസ് പറയുന്നു.

സദാർ ബസാർ പൊലീസ് സ്റ്റേഷന്റെ അന്വേഷണത്തിൽ കണ്ടെത്തിയത് പല ക്യാമ്പുകളിലും സാമൂഹിക അകലം പാലിക്കുന്നില്ല എന്നാണ്. 412 ഓളം ആളുകൾ വരെ പരിമിതമായ സൗകര്യത്തിൽ ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്നും ഇത്തരം സാഹചര്യങ്ങളിൽ സാമൂഹിക അകലം പാലിക്കുക പ്രയാസകരമാണെന്നും പൊലീസ് പറയുന്നു.

ദൽഹിയിൽ വീടില്ലാത്തവർക്കായി 223 ഷെൽട്ടർ ഹോമുകൾ ഉണ്ട്. ഇതിനു പുറമെ 111 ഷെൽട്ടർ ഹോമുകൾ പുതുതായും ആരംഭിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് വേണ്ടി ദൽഹിയിൽ സ്കൂൾ കെട്ടിടങ്ങളും ക്യാമ്പുകളായി മാറ്റിയിട്ടുണ്ട്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here