ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആക്രമണം നടത്തുന്നതിന് പദ്ധതിയിട്ട ഭീകരരെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരം.
അഞ്ച് തീവ്രവാദികളെയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന,എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ ഉള്ള ഇവരെ ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.
നേരത്തെ ജമ്മു കശ്മീരില്‍ നിന്ന് ഭീകരര്‍ രാജ്യ തലസ്ഥാനത്ത് ആക്രമണം നടത്തുന്നതിനായി ഡല്‍ഹിയില്‍ എത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷയോരുക്കിയ പോലീസ് അതീവ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരുന്നു.
അതേസമയം സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന സംശയത്തിലാണ് പോലീസ്,ഡല്‍ഹിയില്‍ പലയിടങ്ങളിലും പോലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്.
ഡല്‍ഹിയുടെ അതിര്‍ത്തികള്‍,ബസ് സ്റ്റാണ്ടുകള്‍ എന്നിവിടങ്ങളിലൊക്കെ കര്‍ശന പരിശോധനയാണ്.
കശ്മീരില്‍ ഭീകരര്‍ക്കെതിരെ സുരക്ഷാ സേന കടുത്ത നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് രാജ്യ തലസ്ഥാനത്ത് ആക്രമണം നടത്തുന്നതിന് ഭീകരര്‍ പദ്ധതി തയ്യാറാക്കിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം.






































