ന്യൂഡൽഹി: ഡൽഹി കലാപത്തിൽ അറസ്റ്റിലായ ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈന്റെ പങ്കു വെളിപ്പെടുന്നു.
പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ, ഡൽഹി കലാപത്തോടനുബന്ധിച്ച് ഏതാണ്ട് ഒരു കോടി 30 ലക്ഷം രൂപ ചിലവാക്കിയതായി പറയുന്നു.
കലാപകാരികളുടെ നേതാക്കളായ ഉമർ ഖാലിദ്, ഖാലിദ് സൈഫി എന്നിവരടക്കമുള്ളവരുമായി താഹിർ ഹുസൈൻ കൂടിക്കാഴ്ച നടത്തിയതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കലാപത്തിനുള്ള ആസൂത്രണം ജനുവരിയില്‍ തുടങ്ങി എന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഡൽഹി കലാപത്തിനിടയിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ വധിച്ച കേസിലാണ് താഹിർ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തത്. താഹിർ ഹുസൈനെ വീടിന്റെ ടെറസിൽ നിന്നും കല്ലുകളും പെട്രോൾ ബോംബുകളും പോലീസ് റെയ്ഡിൽ കണ്ടെടുത്തിരുന്നു.
100 വെടിയുണ്ടകൾ താഹിർ ഹുസൈൻ വാങ്ങിയതായി കണ്ടെത്തിയ ഡൽഹി പോലീസ്, റെയ്ഡിൽ 64 വെടിയുണ്ടകളും ഉപയോഗിച്ച് 22 ഷെല്ലുകളും കണ്ടെടുത്തിരുന്നു. കുറ്റപത്രത്തിൽ ഇക്കാര്യവും പോലീസ് പരാമർശിച്ചിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം മറയാക്കി ഡല്‍ഹിയില്‍ നടന്ന കലാപം ആസൂത്രിതമെന്ന് കുറ്റപത്രത്തില്‍ പോലീസ് പറയുന്നു. മുന്‍ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്.
കലാപത്തിന് പിന്നില്‍ പുരോഗമന വനിതാ സംഘടനയായ പിംജ്ര തോഡിനും പങ്കുണ്ടെന്ന് വ്യക്തമായി. കലാപം നടക്കുന്നതിനു മുന്‍പായി ഞെട്ടിക്കുന്ന സന്ദേശങ്ങളാണ് വാട്‌സ് ആപ്പ് വഴി പ്രചരിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഡല്‍ഹി പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്ത പിംജ്ര തോഡ് ആക്ടിവിസ്റ്റുകളായ നടാഷയുടേയും ദേവാംഗനയുടേയും ഫോണുകള്‍ പരിശോധിച്ചപ്പോഴും സമാനമായ സന്ദേശങ്ങള്‍ കണ്ടെത്തിയതായാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
വീടുകളില്‍ ചൂടുവെള്ളവും ആസിഡും തയ്യാറാക്കി വെക്കുക, വീട്ടിലെ കാറില്‍ നിന്നോ ബൈക്കില്‍ നിന്നോ പെട്രോള്‍ ശേഖരിച്ചു വെക്കുക, ടെറസിലോ ബാല്‍ക്കണിയിലോ ഇഷ്ടികകളോ കല്ലുകളോ സൂക്ഷിക്കുക, വീടുകള്‍ക്ക് ലോഹ വാതിലുകള്‍ ഉള്ളവര്‍ അത് വൈദ്യുതീകരിക്കാന്‍ ശ്രമിക്കുക
എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് കലാപത്തിനു മുന്നോടിയായി ഡല്‍ഹിയില്‍ പ്രചരിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
നേരത്തെ തന്നെ പുറത്തുനിന്നുള്ളവരുടെ പങ്ക് സംശയിക്കുന്നതായി ഡല്‍ഹി പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു.ഈ സംശയമാണ് പിംജ്ര തോഡിലേക്കും നീണ്ടത്. ഫെബ്രുവരി 22ന് ജാഫ്രാബാദ് മെട്രോ സ്‌റ്റേഷനില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ പിംജ്ര തോഡാണെന്നാണ് ഡല്‍ഹി പോലീസ് കണ്ടെത്തിയത്.
രാത്രി 10 മണിയോടെ നടന്ന അക്രമത്തിലേക്ക് ആളുകളെ എത്തിച്ചത് പിംജ്ര തോഡ് ആക്ടിവിസ്റ്റുകളാണ് എന്ന് പോലീസ് പറയുന്നു. പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കിയതിനു പുറമെ, അക്രമം അഴിച്ചുവിട്ടവരിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് ഡല്‍ഹി പോലീസ് കണ്ടെത്തല്‍.
ഇതിന്റെ ഭാഗമായി ആക്ടിവിസ്റ്റുകളായ നടാഷയേയും ദേവാംഗനയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് ദേവാംഗനക്കെതിരെ യുഎപിഎ ചുമത്തുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 147, 148, 149, 186, 353, 332, 333, 323, 283, 188, 427, 307, 302, 120ബി, 34 എന്നീ വകുപ്പുകളാണ് ചുമത്തിയത്. അതേസമയം, ജെ.എന്‍.യുവിലെ ഇടത് വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദുമായും താഹിര്‍ ഹുസൈന് ബന്ധമുണ്ടെന്നാണ് ഡല്‍ഹി പോലീസ് കണ്ടെത്തിയത്.