ന്യൂദൽഹി: കേന്ദ്ര സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം തേടി ആം ആദ്മി സർക്കാർ. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ 5000 കോടി രൂപ അടിയന്തിരമായി സഹായം നൽകണമെന്നാണ് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്.
കേന്ദ്ര സർക്കാർ ഈ നിർണായക സാഹചര്യത്തിലെങ്കിലും ദൽഹിയിലെ ജനങ്ങളെ സഹായിക്കണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെയും ആവശ്യപ്പെട്ടു. നേരത്തെ തന്നെ ലോക്ക് ഡൗണിൽ ദൽഹി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടയൊണ് കടന്നുപോകുന്നത് എന്ന് കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ രണ്ടാം ഘട്ടത്തിലേക്ക് നീട്ടിയപ്പോഴും ദൽഹി തുറന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ധനകാര്യ മന്ത്രി മനീഷ് സിസോദിയയും ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങൾക്ക് ദുരന്ത നിവാരണ സഹായം നൽകിയെങ്കിലും കേന്ദ്ര സർക്കാരിൽ നിന്ന് ദൽഹിയ്ക്ക് ഒന്നും ലഭിച്ചില്ലെന്ന് മനീഷ് സിസോദിയ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസമായി ദൽഹിയുടെ ജി.എസ്.ടി കളക്ഷൻ 500 കോടി രൂപ മാത്രമാണ്. ജീവനക്കാരുടെ ശമ്പളം കൊടുക്കാൻ മാത്രം സർക്കാരിന് 7000 കോടി രൂപ ആവശ്യമാണ്. സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു.






































