ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്, മുൻ മുഖ്യ വിവരാവകാശ കമീഷണർ വജാഹത്ത് ഹബീബുല്ല, ശാഹീൻബാഗ് സ്വദേശി ബഹദൂർ അബ്ബാസ് നഖ്വി എന്നിവരാണ് ഹരജി നൽകിയത്.
ബുധനാഴ്ച ശാഹീൻബാഗ് കേസ് എടുക്കുേമ്പാൾ പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ബി.ജെ.പി നേതാവ് കപിൽ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് കലാപത്തിലേക്കു നയിച്ചതെന്നും പൗരത്വപ്രതിഷേധക്കാരെ ആക്രമിക്കാൻ ഡൽഹിയുടെ അതിർത്തിക്ക് പുറത്തുനിന്ന് അക്രമികളെത്തുന്നുവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. കലാപം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദർ ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച ഹരജി വ്യാഴാഴ്ച പരിഗണിക്കും.