ബെംഗളൂരു: വിമത എം.എല്‍എമാരെക്കാണാന്‍ ബെംഗളൂരുവിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെ സ്വീകരിക്കാന്‍ നേരിട്ടെത്തി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ബെംഗളൂരുവിലെ റമദ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന എം.എല്‍.എമാരെ കാണാനാണ് ദിഗ് വിജയ് സിങ് എത്തിയത്. മധ്യപ്രദേശില്‍ എത്രയും പെട്ടന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ബി.ജെ.പി എം.എല്‍.എമാരുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിങ് എം.എല്‍.എമാരെ കാണാന്‍ എത്തിയത്.
എന്നാല്‍ എം.എല്‍.എമാരെ കാണുന്നതില്‍ നിന്നും ദിഗ് വിജയ് സിങിനെ കര്‍ണാടക പൊലീസ് തടഞ്ഞിരിക്കുകയാണ്. തുടര്‍ന്ന് ഇദ്ദേഹം എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് മുന്നില്‍ ധര്‍ണയിരുന്നു. തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കിയെന്നാണ് റിപ്പോര്‍ട്ട്.
‘ബെംഗളൂരുവില്‍ എം.എല്‍.എമാരെ കാണാനെത്തിയതാണ് ഞാന്‍, എന്റെ പക്കല്‍ ആയുധങ്ങളൊന്നുമില്ല. ഞാനാരെയും ഭീഷണിപ്പെടുത്തിയിട്ടുമില്ല. അവരെ പരസ്യമായി കാണാനാണ് ശ്രമിച്ചത്, അല്ലാതെ രഹസ്യമായല്ല. പക്ഷേ, അവരെ ബന്ദിയാക്കുകയാണ് ബി.ജെ.പിക്ക് വേണ്ടത്. അവര്‍ ജനാധിപത്യത്തെ ചതിച്ചുകൊണ്ടിരിക്കുകയാണ്’, സിങ് ട്വീറ്റ് ചെയ്തു.
അതേസമയം, വിശ്വാസവോട്ടെടുപ്പ് എത്രയും പെട്ടന്ന് നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 10:30 നാണ് വാദം ആരംഭിക്കുക.









































