gnn24x7

ഗായിക കനിക കപൂറിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത ദുഷ്യന്ത് സിങ് രാഷ്ട്രപതിയെയും കണ്ടു; പൊതുപരിപാടികള്‍ ഒഴിവാക്കി രാംനാഥ് കോവിന്ദ്

0
278
gnn24x7

ന്യൂദല്‍ഹി: കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനൊപ്പം അതിഥി സല്‍ക്കാരത്തില്‍ പങ്കെടുത്തവരിലും അവരുമായി ബന്ധപ്പെട്ടവരിലും നിരവധി പ്രമുഖരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അവരില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ്, ദുഷ്യന്ത് സിങ് തുടങ്ങിയവര്‍ സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്.

അതേസമയം, ദുഷ്യന്ത് സിങ് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ബന്ധപ്പെട്ടിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദുഷ്യന്ത് സിങ് രാഷ്ട്രപതി ഭവനിലെത്തി രാംനാഥ് കോവിന്ദിനും മറ്റ് എം.പിമാര്‍ക്കുമൊപ്പം സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. ബി.ജെ.പി എം.പി ഹേമാ മാലിനി, കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ രാം മേഘ്വാള്‍, രാജവര്‍ധന്‍ റാത്തോഡ് എന്നിവര്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.

ദുഷ്യന്ത് സിങിനെ നിരീക്ഷണത്തിലാക്കിയതിന് പിന്നാലെ രാഷ്ട്രപതി പൊതുപരിപാടികളെല്ലാം ഒഴിവാക്കിയിരിക്കുകയാണ്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പൊതുപരിപാടികള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ദുഷ്യന്ത് സിങ് ഇവരുമായി അടുത്തിടപഴകിയിരുന്നു എന്നതാണ് ആരോഗ്യ പ്രവര്‍ത്തകരെ വലയ്ക്കുന്നത്. ഇദ്ദേഹം സഞ്ചരിച്ച വഴികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ലക്‌നൗവില്‍ ദുഷ്യന്ത് സിങിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്.

നൂറുകണക്കിന് ആളുകളാണ് കനികാ കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തത്. ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കാരുമായിരുന്നു അതിഥികളിലധികവും.

വെള്ളിയാഴ്ചയാണ് കനികാ കാപൂറിന് കൊവിഡ് സ്ഥിരീകരിച്ചത്. ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍. കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചിരുന്ന കനിക മാര്‍ച്ച് 15 നാണ് തിരിച്ചെത്തിയത്.

എന്നാല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്റെ വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെയോ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രവുമല്ല നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് ഫൈവ് സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here