ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപ്പോറയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനേയും കൂടി വധിച്ചു. നേരത്തെ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ഇവരുടെ കയ്യിൽ നിന്നും AK-47 തോക്കുകൾ അടക്കം നിരവധി മാരകായുധങ്ങളും സൈന്യം കണ്ടെടുത്തിട്ടുണ്ട്.
അവന്തിപ്പോറയുടെ താൾ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും സുരക്ഷാ സൈന്യവും നടത്തിയ തിരച്ചിലിനിടെയാണ് ഭീകരർ വെടിയുതിർത്തത്. സുരക്ഷാ സേനയും ശക്തമായിതന്നെ തിരിച്ചടിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
കൊല്ലപ്പെട്ട ഭീകരരുടെ കൈയിൽനിന്നും രണ്ട് AK-47 തോക്കുകൾ, രണ്ട് പിസ്റ്റലുകൾ, സ്ഫോടക വസ്തുക്കൾ, ഗ്രനേഡുകൾ എന്നിവ സൈന്യം കണ്ടെടുത്തിട്ടുണ്ട്. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരും ആ പ്രദേശത്ത് തന്നെയുള്ളവരാണെന്നാണ് റിപ്പോർട്ട്.
ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം കൂടുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കനത്ത പരിശോധനയാണ് സൈന്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിൽ കഴിഞ്ഞ ദിവസം നുഴഞ്ഞുകയറാൻ ശ്രമിച്ച 16 ഭീകരരെയാണ് സൈന്യം വധിച്ചത്.






































