ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലിനെതിരെ വിവിധ കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍വേ പാളങ്ങൾ ഉപരോധിക്കുകയാണ്. ഇതേ തുടർന്ന് ട്രെയിനുകൾ റദ്ദാക്കി. വിവിധ തൊഴിലാളി യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബില്ലിനെതിരേ രാജ്യത്തുടനീളം കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം ആരംഭിച്ചിട്ടുണ്ട്.
പഞ്ചാബിൽ കിസാൻ മസ്ദൂർ സംഘർഷ് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്റെയിൽവേ പാത ഉപരോധ സമരം. 31 കർഷക സംഘടനകളുടെ നേതൃത്വത്തിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്നതാണ് ‘റെയിൽ റോക്കോ’ സമരം.സമരത്തെ തുടർന്ന് ഫിറോസ്പുർ റെയിൽവേ ഡിവിഷൻ സെപ്റ്റംബർ 26 വരെയുള്ള സർവിസുകൾ നിർത്തിവെച്ചു. ഹരിയാനയിലും വിവിധ കർഷക സംഘടനകൾ പ്രതിഷേധത്തിന് തുടക്കമിട്ടു. ജിന്ദിൽ നടക്കുന്ന പ്രതിഷേധത്തിൽ സി.പി.എം രാജ്യസഭ എം.പിമാരായ എളമരം കരീം, കെ.കെ. രാഗേഷ് എന്നിവർ പെങ്കടുത്തു.
ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഹരിയാനയിലും പഞ്ചാബിലും മനുഷ്യച്ചങ്ങലയടക്കം വിവിധ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചു. മധ്യപ്രദേശിൽ കർഷകസംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാൻ മഹാസംഘ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 27 മണ്ഡലങ്ങളിൽ 27 കർഷകജാഥകൾ പ്രഖ്യാപിച്ചിട്ടുണ്ട്.തമിഴ്നാട്ടിൽ ഡി.എം.കെയും സഖ്യകക്ഷികളും സെപ്റ്റംബർ 28 മുതൽ വിവിധ പ്രതിഷേധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. കർഷക പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഡൽഹിയിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതിർത്തികളിൽ കൂടുതൽ സേനയെ വിന്യസിച്ചു. സെപ്റ്റംബർ 30 വരെ ഡൽഹിയിലെ എല്ലാ പരിപാടികൾക്കും വിലക്കേർപ്പെടുത്തി.
ബില്ലിനെതിരെ കോൺഗ്രസിെൻറ രാജ്യവ്യാപക പ്രക്ഷോഭത്തിനും വ്യാഴാഴ്ച തുടക്കമിട്ടു. വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ഒക്ടോബർ രണ്ട് കർഷക, കർഷക തൊഴിലാളി സംരക്ഷണ ദിനമായി കോൺഗ്രസ് ആചരിക്കും. ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ല ആസ്ഥാനങ്ങളിലും കോൺഗ്രസ് മാർച്ച് നടത്തും.രണ്ടുകോടി ഒപ്പ് ശേഖരിച്ച് നവംബർ 14ന് രാഷ്ട്രപതിക്ക് സമർപ്പിക്കും.
കേരളത്തിൽ പ്രതിഷേധ പരിപാടികളാണ് നടക്കുക. സമരത്തിന് െഎ.എൻ.ടി.യു.സി, സി.െഎ.ടി.യു, എ.െഎ.ടി.യു.സി തുടങ്ങി 10 തൊഴിലാളി യൂനിയനുകളും സി.പി.എം, സി.പി.ഐ, സി.പി.ഐ എം.എൽ-ലിബറേഷൻ, ഫോർവേഡ് ബ്ലോക്ക്, ആർ.എസ്.പി എന്നീ ഇടതു പാർട്ടികളും വിവിധ പ്രതിപക്ഷ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.





































