gnn24x7

കൊവിഡ് 19 വ്യാപനത്തെ ചെറുക്കാനായി കശ്മീരി ജനതയ്ക്കായി ഒരു കോടി രൂപയുടെ എം.പി ഫണ്ട് നല്‍കി ഫാറൂഖ് അബ്ദുള്ള

0
292
gnn24x7

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കൊവിഡ് 19 വ്യാപനത്തെ ചെറുക്കാനായി കശ്മീരി ജനതയ്ക്കായി ഒരു കോടി രൂപയുടെ എം.പി ഫണ്ട് നല്‍കി നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള.

ജമ്മു കശ്മീരിലെ കൊവിഡ്-19 ഭീഷണിയെ നേരിടാന്‍ പാര്‍ട്ടി പ്രസിഡന്റും ശ്രീനഗര്‍ എം.പിയുമായ ഫാറൂഖ് അബ്ദുള്ള പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് (എം.പി.എല്‍.എ.ഡി) ഒരു കോടി രൂപ നല്‍കിയിരിക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വക്താവാണ് വ്യക്തമാക്കിയത്.

ശ്രീനഗറിലെ സ്‌കിംസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 ലക്ഷം രൂപയും മധ്യ കശ്മീരിലെ ബുഡ്ഗാം, ഗന്ധര്‍ബാല്‍ ജില്ലകള്‍ക്ക് 25 ലക്ഷം രൂപ വീതവുമാണ് നീക്കിവെച്ചത്.

ലോക്‌സഭയില്‍ ഫാറൂഖ് അബ്ദുള്ള പ്രതിനിധാനം ചെയ്യുന്ന ശ്രീനഗര്‍ പാര്‍ലമെന്ററി മണ്ഡലം ശ്രീനഗര്‍, ബുഡ്ഗാം, ഗന്ധര്‍ബാല്‍ എന്നീ മൂന്ന് ജില്ലകളിലായാണ് വ്യാപിച്ചിരിക്കുന്നത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു ഫാറൂഖ് അബ്ദുള്ള അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ഏഴ് മാസത്തെ വീട്ടുതടങ്കലിന് ശേഷം മാര്‍ച്ച് 13 നായിരുന്നു അദ്ദേഹത്തെ ജമ്മു കശ്മീര്‍ ഭരണകൂടം മോചിപ്പിച്ചത്.

സ്വതന്ത്രനായിരിക്കുന്നെന്നും ഇനി ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കാനാവുമെന്നുമായിരുന്നു വീട്ടുതടങ്കലില്‍നിന്നും മോചിപ്പിക്കപ്പെട്ട ശേഷം ഫാറൂഖ് അബ്ദുള്ള പറഞ്ഞത്. ദല്‍ഹിയിലെത്തി പാര്‍ലമെന്റില്‍ കശ്മീരിനുവേണ്ടി ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

‘എനിക്കിന്ന് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഞാന്‍ ഇന്ന് സ്വതന്ത്രനായി. ഇപ്പോള്‍ എനിക്ക് ദല്‍ഹിയിലേക്ക് പോയി പാര്‍ലമെന്റില്‍ നിങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാനാവും. എന്റെ സ്വാതന്ത്രത്തിന് വേണ്ടി നിലകൊണ്ട ജമ്മുകശ്മീരിലെ എല്ലാ ജനങ്ങള്‍ക്കും രാജ്യമൊട്ടാകെയുള്ള നേതാക്കള്‍ക്കും നന്ദി അറിയിക്കുന്നെന്നും’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

അതേസമയം അദ്ദേഹത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കല്‍ ഇനിയും നീളും. ഇരുവരും ആഗസ്റ്റ് അഞ്ച് മുതല്‍ വീട്ടുതടങ്കലിലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here