gnn24x7

റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെക്കെതിരെ മുംബൈ പൊലീസ് വീണ്ടും

0
275
gnn24x7

മുംബൈ: റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെക്കെതിരെ മുംബൈ പൊലീസ് വീണ്ടും. അര്‍ണബ് ഗോസ്വാമിയുടെയും ചാനലിന്‍റെയും പണമിടപാടിലും മുംബൈ പോലീസ് അന്വേഷണം നടത്തുമെന്നാണ് സൂചന.

ചാനലിലൂടെ അര്‍ണബ് നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് FIR രജിസ്റ്റര്‍ ചെയ്തതിന് പുറമെയാണ് ഇത്. ആര്‍ണബ് നടത്തിയ ധന സമാഹരണം, പണമിടപാടുകള്‍, തെളിവെടുപ്പില്‍ പുറത്തായ ഇടപാടുകള്‍ തുടങ്ങിയവയിലാണ് അന്വേഷണം നടത്തുന്നത്.

ചെറിയ കാലത്തിനുള്ളില്‍ അര്‍ണബിന്‍റെ റിപബ്ലിക് ടി.വി നേടിയ വലിയ സാമ്പത്തിക വിജയത്തിന്‍റെ പിന്നിലുള്ള ഉറവിടങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തെയാണ്  ചുമലതലപ്പെടുത്തുക.
 
ചാനലിലൂടെ വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിച്ചതില്‍ അര്‍ണാബിനെതിരെ പോലീസ് ഞായറാഴ്ച FIR രജിസ്റ്റര്‍ ചെയ്തിരുന്നു. ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം ഏപ്രില്‍ 14ന് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവം സമീപത്തെ മുസ്ലിം പള്ളിയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചതിലാണ് അര്‍ണബിനെതിരെ കേസെടുത്തത്.  മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. 

ഐപിസി 153 എ(രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295എ (മതപരമായ വികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വ ശ്രമം), 500(മാനനഷ്ടം), 511 (കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കല്‍), 120 ബി(ആസൂത്രണം) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റാസ എജ്യൂക്കേഷന്‍ വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഇര്‍ഫാന്‍ അബുബക്കര്‍ ഷെയ്ക്ക് ശനിയാഴ്ച തെക്കന്‍ മുംബൈയിലെ പൈഡോണി പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഏപ്രില്‍ 29ന് സംപ്രേഷണം ചെയ്ത വാര്‍ത്തയില്‍ പള്ളിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും പള്ളിക്ക് പുറത്ത് നിരവധിപേര്‍ ഒത്തുകൂടുകയും ചെയ്‌തെന്നു ചിത്രീകരിച്ചെന്നുമാണ് ആരോപണം. ഏപ്രില്‍ 14ന് നടന്ന സംഭവത്തെയാണ് ഏപ്രില്‍ 29ന് നടന്നതെന്ന വിധത്തില്‍ അര്‍ണബ്  ചാനലില്‍ നല്‍കിയത്. ഇത് സംപ്രേഷണം ചെയ്തതിലൂടെ അര്‍ണബ് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടാന്‍ ശ്രമിച്ചെന്ന് ഷെയ്ഖ് പിടിഐയോട് പറഞ്ഞു.

പല്‍ഘാര്‍ ആള്‍ക്കൂട്ട കൊലയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ അര്‍ണബ് പ്രചാരണം നടത്തിയിരുന്നു. ഈ വിഷയത്തില്‍ ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടി.എസ് സിങ്ദിയോ, കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കോം എന്നിവര്‍ വിദ്വേഷ പ്രചാരണം ആരോപിച്ച് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പോലീസ് നേരത്തെ അര്‍ണബിനെതിരെ കേസെടുത്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here