ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗോകുല്‍പുരി മെട്രോ സ്റ്റേഷന് സമീപം ടയര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം.
ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പത്ത് അഗ്നിശമന യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ അക്രമികള്‍ ആരെങ്കിലും തീയിട്ടതാകാം എന്നാണ് പൊലീസ് കരുതുന്നത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ അഞ്ചായി എന്നാണ് റിപ്പോര്‍ട്ട്.
സംഘര്‍ഷത്തില്‍ ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് മരണമടഞ്ഞത്. കൂടാതെ ശാദ്ര ഡിസിപി അമിത് ശര്‍മ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഘര്‍ഷത്തെ തുടര്‍ന്ന്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടയില്‍ ഡല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു.
തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി എ. കെ. ഭല്ല, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.