gnn24x7

സംസ്ഥാന ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കി കുറച്ച് മഹാരാഷ്ട്ര

0
315
gnn24x7

മുംബൈ: സംസ്ഥാന ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കി കുറച്ച് മഹാരാഷ്ട്ര. ഫെബ്രുവരി 29 മുതൽ മഹാരാഷ്ട്രയിൽ പ്രവൃത്തിദിനം അഞ്ചാക്കിയത് നിലവിൽവരും. ഇതോടെ സംസ്ഥാനത്തെ 22 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഇനി അഞ്ച് ദിവസം ജോലി ചെയ്താൽ മതിയാകും. എന്നാൽ പുതിയ പരിഷ്ക്കാരത്തിന്‍റെ ഭാഗമായി ജോലിസമയം 45 മിനുട്ട് കൂട്ടിയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ ജോലി ചെയ്യുന്നവർക്ക് ശനിയും ഞായറും വാരാന്ത്യ ഓഫ് ലഭിക്കും. കേന്ദ്രസർക്കാർ ജീവനക്കാർക്ക് നേരത്തെതന്നെ പ്രവൃത്തിദിനം അഞ്ചാണ്. രാജസ്ഥാൻ, ബീഹാർ, പഞ്ചാബ്, ഡൽഹി, തമിഴ് നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാണ്.

പുതിയ പരിഷ്ക്കാരം നിലവിൽ വരുന്നതോടെ മഹാരാഷ്ട്രയിൽ സർക്കാർ ജീവനക്കാരുടെ ജോലി സമയം 9.45 മുതൽ 6.15 വരെയാകും. നിലവിൽ അത് 5.30 വരെയായിരുന്നു. അര മണിക്കൂർ ഉച്ചഭക്ഷണസമയം ഉൾപ്പടെയായിരിക്കും പുതിയ സമയക്രമം.

നിലവിൽ ഒരു വർഷം 288 ദിവസമാണ് മഹാരാഷ്ട്രയിൽ സർക്കാർ ജീവനക്കാർ ജോലി ചെയ്യേണ്ടത്. എന്നാൽ പ്രവൃത്തിദിനം അഞ്ചാക്കുന്നതോടെ ഒരു വർഷം ജോലി ചെയ്യേണ്ടത് 264 ദിവസമായി കുറയും. നിലവിൽ ഒരു ദിവസം ഏഴ് മണിക്കൂറും 15 മിനുട്ടുമാണ് ജോലി സമയമെങ്കിൽ ഫെബ്രുവരി 29 മുതൽ ഇത് എട്ട് മണിക്കൂറായി ഉയരും. ഒരു വർഷം 24 മണിക്കൂർ അല്ലെങ്കിൽ ഒരു ദിവസം അധികമായി ജോലി ചെയ്യേണ്ടിവരും.

അതേസമയം പ്രവൃത്തിദിനം അഞ്ചാക്കിയത് ഫാക്ടറീസ് ആക്ട്, ഇൻഡസ്ട്രീയൽ ആക്ട്, അവശ്യ സേവനം തുടങ്ങിയവ ബാധകമായ സർക്കാർ ഓഫീസുകളിൽ നടപ്പാക്കില്ല. അതിനാൽ ആശുപത്രികൾ, പൊലീസ്, ജയിൽ, ജലവിതരണം, സ്കൂൾ-കോളേജ് എന്നിവിടങ്ങളിൽ പഴയ സമയക്രമം തുടരും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here