ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും സുസ്ഥിര വികസനം, ഊർജം, കാലാവസ്ഥാ വ്യതിയാനം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ടിഇആർഐയുടെ മുൻ അധ്യക്ഷനുമായ ഡോ.ആർ കെ പച്ചൗരി അന്തരിച്ചു. 79 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെതുടർന്ന് ചൊവ്വാഴ്ച ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഹൃദയശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ടിഇആർഐ ഡയറക്ടർ ജനറൽ അജയ് മാത്തൂർ ആണ് പച്ചൗരിയുടെ മരണം സ്ഥിരീകരിച്ചത്.
സഹപ്രവർത്തക ലൈംഗികപീഡന ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് 2015 ഫെബ്രുവരിയിൽ ടി.ഇ.ആർ.ഐ അധ്യക്ഷസ്ഥാനത്തു നിന്നും അദ്ദേഹം രാജി വച്ചിരുന്നു. 2018ൽ ജില്ലാ കോടതി അദ്ദേഹത്തിനെതിരെ പീഡന കുറ്റംചുമത്തിയിരുന്നു.
1940 ആഗസ്റ്റ് 20ന് നൈനിറ്റാളിൽ ജനിച്ച പാച്ചൗരി ലക്നോയിലും ബീഹാറിലെ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിലുമായി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കി. 1958 ലെ റെയിൽവെ സ്പെഷ്യൽ ക്ലാസ് അപ്രന്റീസ് ബാച്ചിൽപ്പെട്ടയാളാണ്. റെയിൽവെ ജീവനക്കാരനായ പാച്ചൗരി പിന്നീട് അമേരിക്കയിലെ നോർത്ത് കരോലിന സർവകലാശാലയിൽ എം.എസിനു ചേർന്നു. 1974 ൽ അവിടുന്നു തന്നെ പി.എച്ച്.ഡിയും പൂർത്തിയാക്കി. പരിസ്ഥിതി സംരക്ഷണ രംഗത്തെ വിലപ്പെട്ട സംഭാവനകൾക്കായി 2001- ൽ അദ്ദേഹത്തിന് പത്മഭൂഷൺ ബഹുമതി ലഭിച്ചു.