ന്യൂദല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിനായി രാജ്യത്തിന് ആവശ്യമുള്ള സുരക്ഷാ സാമഗ്രികളുടെ കണക്ക് പുറത്ത്. 2കോടി 70 ലക്ഷം N95 മാസ്‌കുകളും 1 കോടി 50 ലക്ഷം മറ്റു വ്യക്തിഗത സുരക്ഷാ സാമഗ്രികളും 10 ലക്ഷത്തിലധികം ടെസ്റ്റിംഗ് കിറ്റുകളും 50000 വെന്റിലേറ്ററുകളുമാണ് രാജ്യത്തിന് ഇനി ആവശ്യമുള്ളത്.
ഇതു സംബന്ധിച്ച് നീതി അയോഗ് സി.ഇ.ഒ അമിതാഭ് കാന്തിന്റെ നേതൃത്വത്തില്‍ രാജ്യത്തെ സ്വകാര്യ കമ്പനികളുടെയും അന്താരാഷട്ര കമ്പനികളുടെയും വിവിധ എന്‍..ജി.ഒ കളുടെയും പ്രതിനിധികളുമായി ഏപ്രില്‍ 3 ന് യോഗം ചേര്‍ന്നതായും ഇന്തന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 20 നുള്ളില്‍ ആണ് ഇത്രയും സുരക്ഷാ സാമഗ്രികള്‍ വേണ്ടത്.
‘2020 ജൂണിനുള്ളില്‍ 50000 വെന്റിലേറ്ററുകളാണ് രാജ്യത്തിനാവശ്യം എന്നാണ് കണക്കാക്കുന്നത്. ഇതില്‍ 16000 ലഭ്യമാണ്. 34000 വെന്റിലേറ്ററുകള്‍ക്കു കൂടിയുള്ള ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്ന് വെന്റിലേറ്ററുകളും വ്യകതി സുരക്ഷാ സാമഗ്രികളും വാങ്ങുന്നതിന് വിദേശകാര്യ മന്ത്രാലയം ചുമതലയിലുണ്ട്,’ യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നേരത്തെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൊവിഡ് ടെസ്റ്റിംഗ് കിറ്റുകളുടെ കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കൊവിഡ് പ്രതിരോധ മരുന്ന്, വെന്റിലേറ്ററുകള്‍, മാസ്‌കുകള്‍ തുടങ്ങിയ സുരക്ഷാ സാമഗ്രികളുടെ കയറ്റുമതിയും ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു.
നേരത്തെ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സി ക്ലോറോകിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഈ മരുന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു.