ന്യൂഡൽഹി: കഴിഞ്ഞ മാസം ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെ 30 ശതമാനം കോവിഡ് 19 കേസുകളുമെന്ന് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് 4,291 പേരിലാണ് രോഗം സ്ഥീരകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിസാമുദ്ദീൻ ബന്ധമുള്ള കോവിഡ് കേസുകൾ വ്യാപിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിൽ 84% കേസുകളും ഇത്തരത്തിലുള്ളതാണ്. ഡൽഹിയിൽ 63%, അസമിൽ 91%, ഉത്തർപ്രദേശിൽ 61%, ആൻഡമാൻ നിക്കോബാർ 83% രോഗബാധയും തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ലാവ് അഗർവാൾ പറഞ്ഞു.
രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 488 ഉം രോഗബാധിതരുടെ എണ്ണം 14,792 ഉം ആയി വർദ്ധിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മുതലുള്ള റിപ്പോർട്ട് പ്രകാരം 36 മരണങ്ങളും 957 കേസുകളും വർദ്ധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. സജീവമായ COVID-19 കേസുകളുടെ എണ്ണം 12,289 ആണ്. 2,014 പേരെ സുഖപ്പെടുത്തി ഡിസ്ചാർജ് ചെയ്തു. മൊത്തം 14,792 കേസുകളിൽ 76 വിദേശികൾ ഉൾപ്പെടുന്നു.
രാജ്യത്ത് റിപ്പോർട്ട് ചെയ്ത 488 മരണങ്ങളിൽ 201 എണ്ണവും മഹാരാഷ്ട്രയിൽനിന്നാണ്. മധ്യപ്രദേശിൽ 69 ഉം ഗുജറാത്തിൽ 48 ഉം ഡൽഹിയിൽ 42 ഉം തെലങ്കാനയിൽ 18 പേരുമാണ് മരിച്ചത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പഞ്ചാബിലും കർണാടകയിലും 13 വീതം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ 11 പേരും പശ്ചിമ ബംഗാളിൽ 10 പേരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ജമ്മു കശ്മീരിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കേരളത്തിലും ഹരിയാനയിലും മൂന്ന് പേർ വീതം മരണമടഞ്ഞു. ജാർഖണ്ഡിലും ബീഹാറിലും രണ്ട് വീതം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.മേഘാലയ, ഹിമാചൽ പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു.







































