ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ വീടും ഉപജീവനമാര്‍ഗമായ കടയും അക്രമികള്‍ തീവെച്ച് നശിപ്പച്ചതിന്റെ ആഘാതത്തില്‍ 62 കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. ദല്‍ഹി മുസ്തഫബാദിലെ ക്യാമ്പില്‍ വച്ചാണ് അമീന്‍ ഖാന്‍ മരണപ്പെട്ടത്. ശിവ് വിഹാറിലെ വീട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കുമോ എന്ന് നോക്കാന്‍ ക്യാമ്പില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയതായിരുന്ന അമീന്‍ ഖാന്‍.
തിരികെ ക്യാമ്പിലെത്തിയ ഇദ്ദേഹത്തെ അതീവ ദുഃഖിതനായാണ് പിന്നീട് കണ്ടെതെന്ന് മകന്‍ ആസിഫ് പറഞ്ഞു. വീടും കടയും അക്രമികള്‍ തീവെച്ചു നശിപ്പിച്ചുവെന്നും പണവും ആഭരണങ്ങളും കൊള്ളയടിച്ചുവെന്നും അമീന്‍ ഖാന്‍ മകനോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം കുഴഞ്ഞു വീണ് മരിച്ചത്. സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. 
”തിരികെ വന്നതിന് ശേഷം ഒരു മണിക്കൂറോളം അച്ഛന്‍ ഞങ്ങളോടൊന്നും സംസാരിച്ചില്ല. വീടെല്ലാം കത്തിച്ചെന്നും ആഭരണങ്ങളും പണവുമെല്ലാം കൊള്ളയടിച്ചെന്നും പറഞ്ഞു. പിന്നെ കുറച്ച് സമയത്തിന് ശേഷം അദ്ദേഹം ബോധം കെട്ട് വീഴുകയായിരുന്നു” മകന്‍ ആസിഫ് പറഞ്ഞു.  
അക്രമം അനിയന്ത്രിതമായതിനെ തുടര്‍ന്നാണ് അമീനും കുടുംബവും മുസ്തഫാബാദിലെ മകളുടെ വീട്ടില്‍ താമസിക്കുകയായിരുന്നു. പിന്നീട് മുസ്തഫാബാദില്‍ ക്യാമ്പ് തുറന്നതിനു ശേഷം അമീന്‍ ഖാന്റെ കുടുംബം ക്യാമ്പിലേക്ക് മാറുകയായിരുന്നു.
 
                






