ന്യൂഡൽഹി: ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച്ച പുറത്തുവിട്ട കണക്കു പ്രകാരം 24 മണിക്കൂറിനുള്ളിൽ മരിച്ചത് 425 പേർ. അമേരിക്കയെ ഇന്ത്യ ഇതോടെ മറികടന്നു. ബ്രസീലിലാണ് ഏറ്റവും കൂടുതൽ പേർ ഒരു ദിവസത്തിനിടയിൽ മരിച്ചത്. 602 പേർ.
മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനും പിന്നാലെ ഡൽഹിയിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. തിങ്കളാഴ്ച്ച മാത്രം 48 പേർ മരിക്കുകയും 1379 പേർക്ക് പുതുതായി രോഗം ബാധിക്കുകയും ചെയ്തു. രാജ്യത്ത് ആകെ കോവിഡ് ബാധിതർ ഏഴ് ലക്ഷത്തിന് അടുത്തായി. ഇരുപതിനായിരത്തിനടുത്ത് പേർ ഇതുവരെ മരിച്ചു.
അതേസമയം, രാജ്യത്തെ കോവിഡ് പരിശോധനയും വർധിച്ചു. 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിനടുത്ത് പരിശോധന നടത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനേഴ് ലക്ഷം കടന്നു. അഞ്ച് ലക്ഷത്തി നാൽപതിനായിരത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയിൽ രോഗബാധിതർ 30 ലക്ഷവും മരണം ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരവും കടന്നു.
ലാറ്റിൻ അമേരിക്കയിൽ ബ്രസീലിന് പുറമെ കൂടുതൽ രാജ്യങ്ങളിൽ വൈറസ് വ്യാപനം അതി തീവ്രഘട്ടത്തിലേക്ക് കടക്കുകയാണ്. പെറുവിൽ രോഗബാധിതർ മൂന്ന് ലക്ഷം കടന്നു. ചിലിയിൽ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു.
രോഗകാരണങ്ങളെ അല്ല രോഗലക്ഷണങ്ങളെയാണ് ചികിത്സിക്കുന്നതെന്ന രൂക്ഷ വിമർശനമാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ഉന്നയിച്ചത്. കോവിഡ് പോലുള്ള മഹാമാരികൾ പടരാൻ കാരണം ഇതാണ്. ഇത്തരം സമീപനം വരും വർഷങ്ങളിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
വന്യജീവികളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തുന്നത് പ്രതിവർഷം 20 ലക്ഷംപേരുടെ മരണത്തിന് ഇടയാക്കുമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ പഠന റിപ്പോർട്ടിൽ പറയുന്നു.