മധ്യപ്രദേശിലെ ഷാഹോൽ ജില്ലയിൽ 20 കാരിയെ ബിജെപി പ്രവർത്തകനടക്കം നാല് പേർ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രതിയായ ഭാരവാഹിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കിയതായി ഭരണകക്ഷി വൈകുന്നേരം പ്രസ്താവന ഇറക്കി. ബിജെപി ജൈത്പൂർ മണ്ഡലം പ്രസിഡന്റ് വിജയ് ത്രിപാഠി, അധ്യാപകനായ രാജേശ് ശുക്ല, മുന്ന സിംഗ്, മോനു മഹാരാജ് എന്നിവരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
ജയ്ത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗഡഘട്ട് പ്രദേശത്തെ ഒരു ഫാം ഹൗസിലേക്ക് കാറിൽ തട്ടിക്കൊണ്ടുപോയതെന്നും ഫെബ്രുവരി 18, 19 തീയതികളിൽ കൂട്ടബലാത്സംഗത്തിനിരയായതായും ഷാഹോൽ അഡീഷണൽ പോലീസ് സൂപ്രണ്ട് മുകേഷ് വൈഷ് പറഞ്ഞു. അതിനു ശേഷം ഫെബ്രുവരി 20 ന് നാല് പ്രതികളും പെൺകുട്ടിയെ വീടിനു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. ഞായറാഴ്ച പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകി. ഇരയെ ആദ്യം ജെയ്ത്പൂർ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.








































