കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് വെള്ളിയാഴ്ച രോഗബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത് ഏറ്റവും വലിയ വര്‍ധനവ്.
ഏപ്രില്‍ മൂന്നാം തീയതി വരെ 2,547 പേര്‍ക്കാണ് രോഗ ബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 62. 157 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രലയത്തിന്‍റെ അവസാന കണക്കുകള്‍ പ്രകാരമാണിത്.
ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത് മഹാരാഷ്ട്രയിലാണ്. 335 പേര്‍ക്കാണ് ഇവിടെ രോഗ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. മരണപ്പെട്ടവരുടെ എണ്ണം 16. തമിഴ്നാട് (309 കേസുകള്‍, ഒരു മരണം), കേരള (286 കേസുകള്‍, 2 മരണം), ഡല്‍ഹി (219 കേസുകള്‍, നാല് മരണം), ഉത്തര്‍ പ്രദേശ് (172 കേസുകള്‍, രണ്ട് മരണം) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.
രാജ്യത്തെ 15 സംസ്ഥാനങ്ങളിലായി നിസാമുദ്ദിന്‍ തബ്ലീഗീ സമ്മേളനത്തില്‍ പങ്കെടുത്ത 647 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ആസാം, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഹരിയാന, ജമ്മു കാശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, കേരളം എന്നിവിടങ്ങളിലാണ് രോഗബാധിതര്‍.