ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 18,732 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന കണക്കാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,01,87,850 ആയി. ഇതിൽ 97,61,538 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 2,78,690 പേരാണ് ചികിത്സായിൽ കഴിയുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിനകണക്കിൽ രോഗികളെക്കാൾ രോഗമുക്തി നേടുന്നവരാണ് കൂടുതലായി കാണുന്നത്. കഴിഞ്ഞ ദിവസം മാത്രം 21,430 പേരാണ് രോഗമുക്തി നേടിയത്. മരണനിരക്കും കുറയുന്നു എന്നതും ആശ്വാസകരമായ വാർത്തയാണ്.
നിലവിൽ മരണനിരക്ക് മുന്നൂറിൽ താഴെ മാത്രമാണ് രേഖപ്പെടുത്തുന്നത്. ഇതും ആശ്വാസം പകരുന്ന വാർത്തയാണ്. ഒറ്റദിവസത്തിനിടെ 279 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 9,43,368 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ഇതുവരെ ഒന്നരക്കോടിയിലധികം സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.







































