കൊൽക്കത്ത: കോവിഡ് 19 പശ്ചാത്തലത്തില്‍ കോടതി നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് ജയിലിന് തീയിട്ട് രക്ഷപ്പെടാൻ ശ്രമിച്ച് തടവുകാർ. പശ്ചിമ ബംഗാളിലെ ഡംഡം കറക്ഷണൽ സെൻട്രൽ ജയിലിലാണ് സംഭവം. കൊറോണ വ്യാപനത്തെ തുടർന്ന് ഈ മാസം 31 വരെ കോടതിയിൽ കേസുകളൊന്നും വാദം കേൾക്കില്ലെന്ന് കഴിഞ്ഞ ദിവസം തടവുകാരെ അറിയിച്ചിരുന്നു. മാർച്ച് 31 വരെ വീട്ടുകാര്‍ക്കും സന്ദര്‍ശന അനുമതി ഇല്ലെന്ന വിവരവും അറിയിച്ചിരുന്നു.ഇതിന് പിന്നാലെയുണ്ടായ സംഘർഷമാണ് ജയിലിന്റെ ഒരു ഭാഗം അഗ്നിക്കിരയാക്കുന്നതിലേക്ക് നയിച്ചത്.
സംഭവത്തിൽ നിരവധി പൊലീസുകാര്‍ക്കും തടവുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഒരു തടവുകാരൻ മരിച്ചതായും സംശയിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഉന്നത മാവോയിസ്റ്റ് നേതാക്കളടക്കം നിരവധി പേരാണ് ഇവിടെ വിചാരണത്തടവുകാരായി കഴിയുന്നത്.
കൊല്‍ക്കത്തയിൽ അടുത്ത കാലത്തായി നടന്ന ഏറ്റവും വലിയ ജയില്‍ ചാട്ട ശ്രമമെന്നാണ് സംഭവം വിശേഷിപ്പിക്കപ്പെടുന്നത്. നോർത്ത് പര്‍ഗനാസിലാണ് ഡംഡം സെൻട്രൽ ജയിൽ സ്ഥിതി ചെയ്യുന്നത്. വലിയ സംഘർഷം തന്നെയാണ് കഴിഞ്ഞ ദിവസം ജയിലിലുണ്ടായത്. കട്ടകളും ഗ്ലാസ് ബോട്ടിലുകളും കൊണ്ടാണ് തടവുകാർ പൊലീസിവെ ആക്രമിച്ചത്. മണ്ണെണ്ണയില്‍ മുക്കിയ കൈത്തൂവാലകളും തീപ്പെട്ടി അടക്കമുള്ള വസ്തുക്കളും ഇവര്‍ക്ക് എങ്ങനെ ലഭിച്ചു എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സംഘർഷത്തിനിടെ ചിലർ പൊലീസുകാരുടെ ആയുധങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
‘വിചാരണ മാറ്റിവച്ചതടക്കമുള്ള പല കാരണങ്ങൾ കൊണ്ട് അസ്വസ്ഥരായിരുന്നു തടവുകാർ. അതുപോലെ തന്നെ പലതവണ അഭ്യർഥിച്ചിട്ടു ജയിലിനുള്ളിൽ മാസ്കും സാനിറ്റൈസറും ലഭിക്കാത്തതും അവരുടെ ദേഷ്യം ഇരട്ടിയാക്കി’ എന്നാണ് ജയിൽ അധികൃതർ പറയുന്നത്.ശനിയാഴ്ച രാവിലെയോടെയാണ് ജയിലിനുള്ളിൽ സംഘർഷം ആരംഭിച്ചത്. ഇതിനെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ നേതൃത്വത്തില്‍ വലിയൊരു പൊലീസ് സംഘം ഇവിടെയെത്തിയിരുന്നു. എന്നാൽ ഇതിനിടെ തന്നെ ഗ്യാസ് സിലിണ്ടർ കത്തിച്ച് ജയിലിന്റെ മുഖ്യ കെട്ടിടത്തിന്റെ ഒരു ഭാഗം ഇവർ അഗ്നിക്കിരയാക്കിയിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഒരു തടവുകാരന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിൽ ജയിൽ അധികൃതർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.









































