ചെന്നൈ: അമേരിക്കൻ കോൺസുലേറ്റിലെ കോൺസൽ ജനറലായി ജൂഡിത്ത് റെവിൻ ചുമതലയേറ്റു. നയതന്ത്ര പദവികളിൽ മികച്ച അനുഭവസമ്പത്തുമായാണ് ജൂഡിത്ത് റെവിൻ ചൈന്നൈയിൽ അമേരിക്കൻ കോൺസൽ ജനറലാകുന്നത്. ഇതിനുമുമ്പ് മുമ്പ് 2017-2020ൽ പെറുവിലെ ലിമയിലുള്ള യുഎസ് എംബസിയിൽ പബ്ലിക് അഫയേഴ്‌സ് കൗൺസിലറായി സേവനമനുഷ്ഠിച്ചു. 2015-2017ൽ ഹെയ്തി സ്‌പെഷ്യൽ കോർഡിനേറ്ററുടെ ഓഫീസിൽ ഇന്റർനാഷണൽ റിലേഷൻസ് ഓഫീസർ ജനറലായി വാഷിംഗ്ടൺ ഡി.സിയിൽ ജോലി ചെയ്തു.
അതിനുമുമ്പ്, 2013-2015 മുതൽ, പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലെ യുഎസ് എംബസിയിൽ ഡെപ്യൂട്ടി കൾച്ചറൽ അഫയേഴ്സ് ഓഫീസറായും സേവനമനുഷ്ഠിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിംഗോയിലെ യുഎസ് എംബസി, സുഡാൻ, കാമറൂൺ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് നയതന്ത്ര സ്ഥാപനങ്ങളിലും അവർ ജോലി ചെയ്തു.
2003ലാണ് ജൂഡിത്ത് റെവിൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ ചേർന്നത്. 2003-2005 വരെ മെക്സിക്കോയിലെ സിയുഡാഡ് ജുവറസിലെ യുഎസ് കോൺസുലേറ്റ് ജനറലിൽ വൈസ് കോൺസലായാണ് ജൂഡിത്ത് റെവിൻ നയതന്ത്ര ജീവിതം ആരംഭിച്ചത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ വർഷങ്ങളോളം എഡിറ്റർ, പരിഭാഷകൻ, പത്രപ്രവർത്തക എന്നീ നിലകളിൽ അവർ പ്രവർത്തിച്ചു. ബിയോണ്ട് ഔവർ ഡിഗ്രീസ് ഓഫ് സെപ്പറേഷൻ: വാഷിംഗ്ടൺ മൺസൂൺസ്, ഇസ്ലാമാബാദ് ബ്ലൂസ് (2017) എന്നിവയുടെ സഹ രചയിതാവും ബാലെ ഇൻ ദി കെയ്ൻ ഫീൽഡ്സ്: വിഗ്നെറ്റ്സ് ഫ്രം എ ഡൊമിനിക്കൻ വാൻഡർലോഗ് (2014) ന്റെ രചയിതാവുമാണ് ജൂഡിത്ത്.
അമേരിക്കയ്ക്ക് പുറമേ ഫ്രാൻസിലെയും സ്പെയിനിലെയും സർവകലാശാലകളിൽനിന്നും ഹാർവാർഡ് സർവകലാശാലയിൽ നിന്നും റൊമാൻസ് ഭാഷകളിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. ഇംഗ്ലീഷിന് പുറമെ നന്നായി സ്പാനിഷ്, ഫ്രഞ്ച് ഭാഷകൾ കൈകാര്യം ചെയ്യാനും ജൂഡിത്തിന് അറിയാം.
ദക്ഷിണേന്ത്യയിൽ അമേരിക്കയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രാധാന്യം നൽകുമെന്ന് ചുമതലയേറ്റുകൊണ്ട് ജുഡിത്ത് റെവിൻ പറഞ്ഞു. ഈ പദവി ലഭിച്ചത് വലിയ അംഗീകാരമായിട്ടാണ് കരുതുന്നത്. കൊറോണ വ്യാപനം മൂലം ചരിത്രപരമായ പ്രതിസന്ധി നേരിടുന്ന വേളയിലാണ് താൻ ചുമതലയേൽക്കുന്നതെന്നും അവർ പറഞ്ഞു.