ഭോപാല്‍: തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ അവസാന ഘട്ട പ്രയത്നങ്ങളിലാണ് കമല്‍ നാഥ്. ഭോപാലില്‍ അദ്ദേഹം അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തു.
ജെയ്പൂരിലേക്ക് മാറ്റിയിരിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ഉച്ചയോടെ നിര്‍ണായക ചര്‍ച്ച നടത്തുമെന്നാണ് വിവരം.
ബജറ്റ് സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച രാവിലെ 11 മണിക്ക് വിശ്വാസവോട്ട് തേടണമെന്നാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍ക്കാരിന് ഭൂരുപക്ഷം നഷ്ടപ്പെട്ടെന്ന് ബോധ്യപ്പെട്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിശ്വാസവോട്ടെടുപ്പ് നടത്താന്‍ അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി കമല്‍നാഥ് കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടിരുന്നു. ആര്‍ട്ടിക്കിള്‍ 175 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി. ശനിയാഴ്ച അര്‍ധരാത്രിയാണ് ഗവര്‍ണര്‍ കമല്‍നാഥിന് വിശ്വാസവോട്ടെടുപ്പ് തേടണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കൈമാറിയത്.
എം.എല്‍.എമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തുടര്‍ന്ന് ഭരിക്കാന്‍ അവകാശമില്ലെന്നും ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചിരുന്നു. ബി.ജെ.പിയുടെ ആരോപണം ശരിവെച്ച ഗവര്‍ണര്‍ ന്യൂനപക്ഷ സര്‍ക്കാരാണ് നിലവിലുള്ളതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.