ബംഗളൂരു: നാൽപ്പത് ദിവസത്തിനുശേഷം മദ്യശാലകൾ തുറന്ന കർണാടകയിൽ മികച്ച വിൽപ്പന. ആദ്യദിനം 45 കോടി രൂപയുടെ വിൽപന നടന്നതായാണ് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾ പാലിച്ചാണ് കഴിഞ്ഞ ദിവസം കർണാടകയിൽ മദ്യശാലകൾ തുറന്നത്. എക്‌സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് 3.9 ലക്ഷം ലിറ്റർ ബിയറും 8.5 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമാണ് ആദ്യദിനം വിറ്റഴിച്ചത്.
ചില്ലറ മദ്യവിൽപ്പന ശാലകൾ, കർണാടക സ്റ്റേറ്റ് ബിവറേജ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎസ്ബിസിഎൽ), മൈസൂർ സെയിൽസ് ഇന്റർനാഷണൽ ലിമിറ്റഡ് ഡിപ്പോകൾ എന്നിവയാണ് കർണാടകയിൽ മെയ് 4 മുതൽ പ്രവർത്തനം പുനഃരാരംഭിച്ചത്. രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ കണ്ടെയ്നർ സോണിന് പുറത്തുള്ള വിൽപനശാലകൾ തുറക്കാനാണ് സംസ്ഥാന എക്സൈസ് വകുപ്പ് അനുമതി നൽകിയത്.
വരുമാനം വർദ്ധനവിന് മദ്യവിൽപ്പന അനുവദിക്കണമെന്ന് സംസ്ഥാനത്തെ എക്സൈസ് വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മദ്യഷോപ്പുകൾ തുറന്ന തിങ്കളാഴ്ച കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള മദ്യവിൽപ്പനശാലകളിൽ നീണ്ട നിരകൾ ദൃശ്യമായിരുന്നു.
അതേസമയം മെയ് 17 വരെ ബാറുകളിലും പബ്ബുകൾകളിലും റെസ്റ്റോറന്റുകളിലും മദ്യംവിൽക്കാൻ അനുവാദമില്ല. മാർച്ചിൽ രാജ്യവ്യാപകമായി ലോക്ക്ഡൌണിന് മുന്നോടിയായി മദ്യവിൽപ്പന നിരോധിച്ച ആദ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് കർണാടകം.







































