ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകൾ പരിശോധിക്കുന്നതിനുള്ള സംവിധാനം വരുന്നു. ഉപഭോക്തൃ കാര്യ മന്ത്രാലയവും അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയും (ASCI) അവരുടെ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ അവലോകനങ്ങളുടെ വ്യാപ്തി ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം വെർച്വൽ മീറ്റിംഗ് നടത്തിയിരുന്നു. വ്യാജ റിവ്യൂകൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇതിനെതിരെ നിയമപരമായ നടപടികൾ ഇനി ഉണ്ടാകും.
ആഗോളതലത്തിൽ ലഭ്യമായ മികച്ച സാങ്കേതിക വിദ്യയും ഇന്ത്യയിലെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ പിന്തുടരുന്ന നിലവിലെ സംവിധാനവും സംയോജിപ്പിച്ച് പുതിയ സംവിധാനം വികസിപ്പിക്കാനാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൺസ്യൂമർ അഫയേഴ്‌സ് (DoCA) തീരുമാനം.
തങ്ങൾക്ക് വ്യാജ അവലോകനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടെന്നും പുതിയ സംവിധാനങ്ങൾ ഉണ്ടാകുന്നതിൽ സന്തോഷമുണ്ടെന്നും മീറ്റിങ്ങിൽ പങ്കെടുത്ത വിവിധ ഇ-കൊമേഴ്‌സ് കമ്പനികൾ അഭിപ്രായപ്പെട്ടു.
ഇ-കൊമേഴ്‌സ് വെബ്സൈറ്റുകളിലൂടെ സാധനങ്ങൾ വാങ്ങുമ്പോൾ അവ കാണാനും പരിശോധിക്കാനും സാധ്യമല്ലാത്തതിനാൽ മുൻപ് വാങ്ങിയ ഉപഭോക്താക്കളുടെ അഭിപ്രായവും അനുഭവവും ആണ് കൂടുതൽ പേരും മുഖവിലയ്‌ക്കെടുക്കുന്നത്. എന്നാൽ തെറ്റായ റിവ്യൂ നൽകുന്നതിലൂടെ പുതിയ ഉപഭോക്താക്കൾ തെറ്റിദ്ധരിക്കപ്പെടുകയാണ്. അതിനാൽ ഉപഭോക്തൃ താൽപ്പര്യം സംരക്ഷിക്കുന്നതിനായി ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകൾ പരിശോധിക്കാൻ സർക്കാർ നിയമങ്ങൾ രൂപീകരിക്കും.






































