ലക്നൗ: അറുപത്തിയാറ് ദിവസം നീണ്ടു നിന്ന പ്രതിഷേധം താത്ക്കാലികമായി അവസാനിപ്പിച്ച് അവർ വീടുകളിലേക്ക് മടങ്ങി. ലക്നൗവിലെ ഷഹീൻബാഗ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഗാന്ധാഘറിലെ പ്രതിഷേധ വേദിയിൽ നിന്ന് ഇന്ന് രാവിലെയാണ് പ്രതിഷേധക്കാരായ സ്ത്രീകൾ മടങ്ങിയത്. പൗരത്വ ഭേദഗതിക്കെതിരെ രണ്ട് മാസത്തോളമായി നടത്തിവന്നിരുന്ന ധർണ കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ഇവർ അവസാനിപ്പിച്ചിരിക്കുന്നത്.
66 ദിവസം നീണ്ട തങ്ങളുടെ പ്രതിഷേധം റദ്ദു ചെയ്തിരിക്കുന്നു എന്ന് കാട്ടി പൊലീസ് കമ്മീഷണർക്ക് ഇവർ കത്തും സമർപ്പിച്ചിട്ടുണ്ട്. മടങ്ങിവരുമെന്ന ഉറച്ച നിശ്ചയദാർഢ്യത്തോടെ തങ്ങളുടെ ദുപ്പട്ടകൾ ഇവിടെ ഉപേക്ഷിച്ചാണ് പല സ്ത്രീകളും മടങ്ങിയത്. സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് ആകുമ്പോള്‍ മടങ്ങിയെത്തുമെന്ന് ഉറപ്പുമായാണ് ഇവർ താത്കാലികമായെങ്കിലും വീടുകളിലേക്ക് മടങ്ങിയത്.
‘കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗന്ദഘർ പ്രതിഷേധം ഇപ്പോഴത്തേക്ക് റദ്ദു ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. CAAയും NPRഉം രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളാണ്. ഇപ്പോഴത്തെ സാഹചര്യം സാധാരണ നിലയിലാകുമ്പോഴേക്കും ഞങ്ങൾ പ്രതിഷേധം വീണ്ടും ആരംഭിക്കും.. ഇത്രയും ആൾക്കൂട്ടത്തിനിടയിൽ സാമൂഹിക അകലം പാലിക്കാൻ പറ്റാൻ പ്രയാസമായതിനെ തുടര്‍ന്നാണ് പ്രതിഷേധം റദ്ദുചെയ്യാൻ തീരുമാനിച്ചത് എന്നാണ് പ്രതിഷേധക്കാരായ സ്ത്രീകളെ പ്രതിനിധീകരിച്ച് സുമയ്യ റാണ എന്ന യുവതി പറഞ്ഞത്.