ന്യൂഡൽഹി: കഴിഞ്ഞ വർഷം പ്രക്ഷേപണം ചെയ്ത പരിപാടിയിൽ പാകിസ്ഥാൻ ജനതയ്‌ക്കെതിരായ വിദ്വേഷ പ്രസംഗത്തിന് റിപ്പബ്ലിക് ടിവിയുടെ ഹിന്ദി ചാനലായ റിപ്പബ്ലിക് ഭാരതത്തിന് ബ്രിട്ടീഷ് ടിവി റെഗുലേറ്ററി അതോറിറ്റി ഓഫ്‌കോം 20,000 ഡോളർ (19,85,162.86 രൂപ) പിഴ ചുമത്തി.
ബ്രോഡ്കാസ്റ്റിങ്ങ്, ടെലികമ്മ്യൂണിക്കേഷന്‍സ്, പോസ്റ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ച സംഘടനയാണ് ഓഫ് കോം.
ചൊവ്വാഴ്ച വേൾഡ് വ്യൂ മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിനെതിരായ ഉത്തരവിൽ, 2019 സെപ്റ്റംബർ 6 ന് “പൂച്ചാ ഹായ് ഭാരത്” എന്ന പരിപാടിയിൽ ബ്രോഡ്കാസ്റ്റിങ്ങ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഓഫ് കോം പറഞ്ഞു. ഭാരത് റിപ്പബ്ലിക്കില്‍ അര്‍ണബ് ഗോസ്വാമി അവതരിപ്പിച്ച പരിപാടിയായിരുന്നു പൂച്ഛാ ഹേ ഭാരത്.
“പ്രോഗ്രാമിൽ പാക്കിസ്ഥാൻ ജനതയെ അവരുടെ ദേശീയതയുടെ അടിസ്ഥാനത്തിൽ അധിക്ഷേപകരവും അവഹേളിക്കുന്നതുമായ പ്രസ്താവനകൾ അടങ്ങിയിരിക്കുന്നു” എന്ന് ഉത്തരവിൽ പറയുന്നു.






































