ഹൈദരാബാദ്: ഹൈദരാബാദിൽ അഞ്ചു മലയാളികൾക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞാഴ്ച കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗം ബാധിച്ചത്. മരിച്ചയാളുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ 17ന് ഹൃദയാഘാതം മൂലമാണ് കായംകുളം സ്വദേശി മരിച്ചത്. പനിക്ക് ചികിത്സ തേടിയിരുന്ന ഇദ്ദേഹത്തിന് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നില്ല. അയൽവാസികളടക്കം 20 പേരോളം മരണാനന്തര ചടങ്ങിൽ പങ്കെടുത്തിരുന്നു. പിന്നീട് കടുത്ത പനിയെ തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു.